Sunday, May 16, 2021
Home Ediotrs Pick ഓക്‌സിജന്‍ ടാങ്കറിന് കയറാന്‍ വഴിയില്ല; പ്രാര്‍ഥനയും കരച്ചിലുമായി രോഗികളും ഡോക്ടര്‍മാരും; ഒടുവില്‍ ജെസിബിയെത്തി മതില്‍ പൊളിച്ചു

ഓക്‌സിജന്‍ ടാങ്കറിന് കയറാന്‍ വഴിയില്ല; പ്രാര്‍ഥനയും കരച്ചിലുമായി രോഗികളും ഡോക്ടര്‍മാരും; ഒടുവില്‍ ജെസിബിയെത്തി മതില്‍ പൊളിച്ചു

ന്യൂഡല്‍ഹി: ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് നല്‍കിയിരുന്ന ഓക്‌സിജന്‍ തീരാറായതോടെ ഡല്‍ഹിയിലെ സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ശനിയാഴ്ച്ച നടന്നത് സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങള്‍.

ആശുപത്രിയില്‍ കരുതിയിരുന്ന ഓക്സിജന്‍ തീരാനായതോടെ ചികിത്സയിലുണ്ടായിരുന്ന നൂറോളം രോഗികളുടെ ജീവന്‍ നൂല്‍പ്പാലത്തിലായി. രോഗികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കും പോലിസിനും നിരവധി ഫോണ്‍വിളികള്‍ ആശുപത്രിയില്‍ നിന്ന് പോയി. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കൊടുവില്‍ ആശുപത്രിയിലേക്ക് ആശ്വാസവുമായി ഓക്സിജന്‍ ടാങ്കറെത്തി. അപ്പോഴാണ് വലിയൊരു പ്രശ്‌നം മുന്നിലെത്തിയത്.

ടാങ്കറിന്റെ വലിപ്പക്കൂടുതല്‍ കാരണം ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോവാന്‍ കഴിയുന്നില്ല. അരികിലെത്തിയ പ്രാണവായു കിട്ടില്ലെന്നായതോടെ ആശുപത്രിയില്‍ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടനിലവിളി ഉയര്‍ന്നു. ഡോക്ടര്‍മാര്‍ പരിഭ്രാന്തിയിലായി. ഓക്സിജന്‍ അഭാവത്താല്‍ ജയ്പുരിലെ ആശുപത്രിയില്‍ ഇരുപതോളം രോഗികള്‍ മരിച്ച വാര്‍ത്തയായിരുന്നു എല്ലാവരുടേയും ചിന്തയില്‍.

നൂറോളം രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയുടെ ഭിത്തി പൊളിക്കുക മാത്രമേ വഴിയുള്ളു. കിട്ടാവുന്ന ഉപകരണങ്ങള്‍ കൊണ്ട് പൊളിക്കാന്‍ ആരംഭിച്ചു. പക്ഷെ സമയമെടുക്കും. ടാങ്കറിന് മറ്റൊരാശുപത്രിയില്‍ ഓക്സിജനെത്തിക്കണം. ഭിത്തി പൊളിച്ചു കഴിയുമ്പോഴേക്കും വാഹനം തിരിച്ചെത്തെമെന്നറിയിച്ച് ഓക്സിജനുമായി വാഹനം മടങ്ങി.

അത്രയും നേരം പിടിച്ചു നിന്ന ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സങ്കടവും നിരാശയും കാരണം കരയാനാരംഭിച്ചതായി ആശുപത്രിയുടമ പങ്കജ് ചൗള ഓര്‍മിച്ചു. ആശുപത്രിയിലെ ഒഴിഞ്ഞ ഓക്സിജന്‍ സിലിണ്ടറുകളുമായി ചില ജീവനക്കാരും പോലീസുദ്യോഗസ്ഥരും പാഞ്ഞു. സിലണ്ടറുകള്‍ നിറച്ച് കോര്‍പറേഷന്‍ ബസില്‍ തിരികെയെത്തിച്ചു. ആ സിലിണ്ടറുകള്‍ അടുത്ത 40 മിനിറ്റ് നേരത്തേക്കുള്ള ശ്വാസം പകര്‍ന്നു. ആ സിലിണ്ടറുകളാണ് ആ ദിവസത്തെ യഥാര്‍ഥത്തില്‍ രക്ഷിച്ചതെന്ന് ചൗള പറയുന്നു.

കോര്‍പറേഷന്‍ മേയറുമായും അഗ്‌നിരക്ഷാസേനയുമായും ബന്ധപ്പെടുകയായിരുന്നു അടുത്ത പടി. പിന്നാലെ ജെസിബി എത്തി. ഭിത്തി പൊളിച്ചു മാറ്റി. തീരഥ് റാം ഷാ ആശുപത്രിയില്‍ ഓക്സിജന്‍ നല്‍കിയ ശേഷം ടാങ്കറിനെ പോലിസ് തിരികെയെത്തിച്ചു. ടാങ്കില്‍ ഓക്സിജന്‍ നിറച്ചു നല്‍കി. ഒരു പക്ഷെ ഓക്സിജന്‍ എത്തിയില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തം നേരിടേണ്ടി വരുമായിരുന്നുവെന്ന് ചൗള പറഞ്ഞു.
ALSO WATCH

 

Most Popular