ന്യൂഡല്‍ഹി: പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന ഡോ കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ പൗരന്മാരോട് ഐക്യത്തില്‍ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ് ഡോ. കഫീല്‍ ഖാന് അലിഗഡില്‍ നടത്തിയ പ്രസംഗമെന്ന് കോടതി നിരീക്ഷിച്ചു.
ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയത് ശരിവച്ച ജില്ലാ മജിസ്ട്രേറ്റ്, കഫീലിന്റെ പ്രസംഗത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കാതെ, ചില വാക്യങ്ങള്‍ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്ങും അടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
കഫീല്‍ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷത്തെയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമര്‍ശവുമില്ല. പകരം, രാജ്യത്തിന്റെ സമഗ്രതക്കും പൗരന്മാര്ക്കിടയില് ഐക്യത്തിനും ആഹ്വാനം നല്കുന്നു. എല്ലാതരത്തിലുള്ള അക്രമത്തെ നിരാകരിക്കുന്നു. ജില്ലാ മജിസ്ട്രേറ്റ് പ്രസംഗത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം പരിഗണിക്കാതെ, ചില വാക്യങ്ങള്‍ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നു-വിധിപ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു.
2019 ഡിസംബര്‍ 13ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ ഡോ. കഫീല്‍ ഖാന് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ദേശീയ സുരക്ഷാ നിയമപ്രകാരം കഫീലിനെ ഏഴുമാസം തടവിലിട്ടത്. ഇതിനെതിരെ മാതാവ് നുസ്ഹത്ത് പര്‍വീനാണ് മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
പ്രസംഗത്തില്‍ കഫീല്‍ സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ തടങ്കലിലിടാന്‍ കഴിയില്ല. പ്രസംഗം പൂര്‍ണമായി കേട്ടാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒരു പരാമര്‍ശവും അതില്‍ കണ്ടെത്താനാവില്ല -ഖാന്റെ പ്രസംഗം പൂര്‍ണമായും കേട്ട ശേഷം ബെഞ്ച് നിരീക്ഷിച്ചു.