Saturday, June 12, 2021
Home News National പ്രവാസികള്‍ക്ക് ഇ-ബാലറ്റ് വോട്ടിങ്ങ്; അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം

പ്രവാസികള്‍ക്ക് ഇ-ബാലറ്റ് വോട്ടിങ്ങ്; അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി:പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ വിദേശകാര്യമന്ത്രാലയം അംഗീകരിച്ചു. ഇതോടെ ഇ-ബാലറ്റിങ്ങ് വോട്ടിങങിലൂടെ പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കാളികളാവാന്‍ അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി കമ്മീഷന്‍ സജ്ജമായെന്ന് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഈ ശിപാര്‍ശയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് സാധ്യമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണം. ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

കമ്മിഷന്‍ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയച്ച് നല്‍കുന്നും. ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്‌തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി സാക്ഷ്യപത്രം കൂടി ചേര്‍ത്ത് തിരിച്ചയക്കേണ്ടതാണ്. ബാലറ്റ് പേപ്പര്‍ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിദേശ കാര്യ മന്ത്രലയത്തിന്റെ അനുമതി ലഭിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രവാസി സംഘടനകളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും. വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ചാകും ചര്‍ച്ച. മറ്റ് നടപടി ക്രമങ്ങള്‍ കൂടി തീര്‍ക്കാനായാല്‍ 2021നിയമ സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും.

Most Popular