Monday, October 25, 2021
HomeNewsNationalദേശവ്യാപക പ്രതിഷേധത്തിനിടയിലും അസമിലെ കുടിയൊഴിപ്പിക്കല്‍ തുടരുന്നു; അര്‍ധസൈനികരുടെ വന്‍പട ഇറങ്ങി

ദേശവ്യാപക പ്രതിഷേധത്തിനിടയിലും അസമിലെ കുടിയൊഴിപ്പിക്കല്‍ തുടരുന്നു; അര്‍ധസൈനികരുടെ വന്‍പട ഇറങ്ങി

ഗുവാഹതി: നിയമവിരുദ്ധ കുടിയൊഴിപ്പിക്കലിനും അസമിലെ പോലിസ് നരനായാട്ടിനുമെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നതിനിടയിലും നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ലാതാക്കുന്ന പ്രക്രിയ തുടരുന്നു. കൂടുതല്‍ പോലിസിനു പുറമെ 32 കമ്പനി അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000ഓളം പാവങ്ങളെയാണ് വഴിയാധാരമാക്കിയത്. ഇതിനുപുറമെയാണ് ഇന്നും കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്.

സിഫാജാര്‍ ജില്ലയിലെ ധോല്‍പൂരില്‍ 800 കുടുംബങ്ങളെയാണ് തിങ്കളാഴ്ച കുടിയൊഴിപ്പിച്ചത്. മൂന്നു ദിവസമായി മതിയായ ആഹാരവും പാര്‍പ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത് കഴിയുകയാണ് ഈ കുടുംബങ്ങള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിയൊഴിപ്പിക്കല്‍ നടന്നു. 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ് വ്യാഴാഴ്ച പോലിസ് വെടിവെപ്പില്‍ കലാശിച്ചത്.
Assam eviction3അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ബഹുമുഖ കാര്‍ഷിക പദ്ധതി നടപ്പാക്കാനാണ് കുടിയൊഴിപ്പിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍, ഈ സ്ഥലം കാളി ക്ഷേത്രത്തിന്റെതാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുവെന്നും അവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളാണെന്നും വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു മാസം മുമ്പ് ധുബ്‌രിയില്‍ 300 കുടുംബങ്ങളെയും 2019ല്‍ ബിശ്വനാഥ് ജില്ലയില്‍ 445 കുടുംബങ്ങളെയും കുടിയൊഴിപ്പിച്ചു. അതിനുശേഷം കാസിരംഗയിലും കുടിയൊഴിപ്പിക്കല്‍ നടന്നു. അവരെല്ലാവരും കിടപ്പാടം നഷ്ടപ്പെട്ട് അഭയമില്ലാതെ കഴിയുകയാണ്.
Assam eviction2വ്യാഴാഴ്ച രാവിലെ ദരാങ്ങിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. മുഈനുല്‍ ഹഖ് (30), ശൈഖ് ഫരീദ് (12) എന്നിവരാണ് മരിച്ചത്. ഇതില്‍ മുഈനുലിന്റെ മൃതദേഹം പോലിസിന്റെ കൂടെയുള്ള ഫോട്ടോഗ്രാഫര്‍ ചവിട്ടിമെതിച്ചിരുന്നു.

മൂന്നു മാസത്തിനിടെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്‌ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലില്‍ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഗുവാഹതിയില്‍ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് സിപാജറില്‍ മൂന്നു പള്ളികളും തകര്‍ത്തിട്ടുണ്ട്. ദരാങ് ജില്ലയില്‍ ഇതുവരെ 602.40 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ശാഫി മദനിയുടെ നേതൃത്വത്തില്‍ അസം നോര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, ആള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍, ജംഇയ്യത്ത് ഉലമായേ ഹിന്ദ് എന്നിവരുമായി സഹകരിച്ചാണ് വസ്തുതാന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്.

Most Popular