വീണ്ടും കര്‍ഷക ആത്മഹത്യ; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കര്‍ഷക നേതാക്കള്‍

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു കര്‍ഷകന്‍ കൂടി ഗാസിപൂരില്‍ ആത്മഹത്യ ചെയ്തു. രാവിലെയോടെ കശ്മീര്‍ സിങ്ങെന്ന കര്‍ഷകനെ താല്‍കാലിക ശുചിമുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 38 ദിവസമായി നടക്കുന്ന സമരത്തില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. ഇതുള്‍പെടെ 42 പേരാണ് സമരത്തിനിടെ ആകെ മരിച്ചത്.

അതേസമയം നാലാം തിയ്യതി നടക്കാനിരിക്കുന്ന ചര്‍ച്ച പരാജയപ്പെടുകയും അഞ്ചാം തിയ്യതി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാവുകയും ചെയ്തില്ലെങ്കില്‍ ആറാം തിയ്യതി മുതല്‍ സമരം കടുപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം കര്‍ഷക ആവശ്യങ്ങള്‍ പാതി അംഗീകരിച്ചെന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തെറ്റാണെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ സമാധാനപരമായാണ് സമരം ചെയ്തത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും അങ്ങനെ. ഭാവിയില്‍ സമരം ചെയ്യുന്നതും അങ്ങനെ തന്നെയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഡല്‍ഹി അതിര്‍ത്തിയില്‍ നില്‍ക്കും’ – സംഘടനാ നേതാക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകരുടെ അമ്പത് ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ശുദ്ധകളവാണെന്ന് സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒന്നും രേഖയാക്കി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുമായി നടത്തിയ ആറാം വട്ട ചര്‍ച്ചയിലാണ് പകുതി ആവശ്യങ്ങളും അംഗീകരിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ജനുവരി നാലിന് അടുത്ത വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യും എന്നാണ് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചിരുന്നത്.