Wednesday, January 19, 2022
HomeNewsNationalകേന്ദ്രം രേഖാമൂലം ഉറപ്പ് നല്‍കി; അതിര്‍ത്തിയിലെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍

കേന്ദ്രം രേഖാമൂലം ഉറപ്പ് നല്‍കി; അതിര്‍ത്തിയിലെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം സിംഘുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചുതുടങ്ങി. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് മടങ്ങാനാണ് തീരുമാനം. ഇതിന് മുന്നോടിയായി നാളെ സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

ജനുവരി 15ന് അവലോകന യോഗം ചേരുമെന്നും സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സിംഘുവിലും തിക്രിയിലുമുള്ള സമരകേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ച് നടത്തും.

മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി അടക്കം ആവശ്യങ്ങളില്‍ മിക്കതും അംഗീകരിക്കാമെന്നാണ് രേഖാമൂലം കേന്ദ്രം അറിയിച്ചത്. മിനിമം താങ്ങുവിലക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചയില്ലാതെ നടപ്പാക്കില്ല എന്നാണ് നല്‍കിയിരിക്കുന്ന മറ്റൊരു ഉറപ്പ്.

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന ഭീതിയാണ് ധൃതിപിടിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Most Popular