ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂഡല്‍ഹി: എല്ലാ വാഹനങ്ങള്‍ക്കും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫീ അടയ്ക്കാനുള്ള അവസരം ഉപയോഗിക്കുന്നവര്‍ക്ക് സമയ ലാഭം, ഇന്ധന ലാഭം, തടസമില്ലാത്ത യാത്ര എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളായി ഉറപ്പുപറയുന്ന നേട്ടങ്ങള്‍.

നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും ചരക്കുവാഹനങ്ങളും നിര്‍ബന്ധമായും ടോള്‍ അടയ്ക്കേണ്ടവയാണ്. ഫാസ്റ്റാട് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ്ടാഗില്‍ നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും. വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.

2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുഗുമായി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.