Saturday, July 31, 2021
Home News National യുപി മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു

യുപി മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നോ: യുപി കായിക യുവജനക്ഷേമവകുപ്പ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ച് മരിച്ചു. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.

കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് ചേതന്‍ ചൗഹാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് നില വഷളായത്.

40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന്‍ സുനില്‍ഗാവസ്‌കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ആസ്േ്രതലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും ഏകദിനത്തില്‍ 21.85 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം രണ്ടു തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് 1991ലും 1998ലുമാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

Most Popular