Sunday, July 25, 2021
Home Special GM Talkies നടന്‍ സുശാന്ത് സിങിനെയും മുന്‍ മാനേജരെയും കൊലപ്പെടുത്തിയതെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

നടന്‍ സുശാന്ത് സിങിനെയും മുന്‍ മാനേജരെയും കൊലപ്പെടുത്തിയതെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ. സുശാന്തിനെയും മുന്‍ മാനേജര്‍ ദിശ സാലിയനെയും കൊലപ്പെടുത്തിയതാണെന്ന് ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭാ അംഗം കൂടിയായ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടുപേരുടെയും കൊല നടന്ന ദിവസങ്ങളിലെ രാത്രിയില്‍ നടന്ന പാര്‍ട്ടികളില്‍ ആരൊക്കെയാണ് പങ്കെടുത്തതെന്ന് പോലിസ് അന്വേഷിക്കണമെന്നും നാരായണ്‍ റാണെ ആവശ്യപ്പെട്ടു.

മുംബൈ പോലിസ് കഴിവുള്ള സേനയാണെങ്കിലും അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുന്‍ ശിവസേനാ മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 8നും 13നും നടന്ന പാര്‍ട്ടികളില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നത്? പോലിസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു യുവ മന്ത്രിയെ ലക്ഷ്യംവച്ചാണ് റാണെയുടെ ആരോപണം.

ജൂണ്‍ 8ന് ദിശ സാലിയനെ ബലാല്‍സംഗം ചെയ്താണ് കൊന്നതന്നും തുടര്‍ന്ന് ജൂണ്‍ 14ന് സുശാന്ത് കൊല്ലപ്പെടുകയായിരുന്നുവെന്നും റാണെ ആരോപിച്ചു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ദിശാ സാലിയന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിന് തെളിവ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഉണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സുശാന്ത് സിങ് രാജ്പുതിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ വിളികള്‍ നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ലെന്നും റാണെ ചൂണ്ടിക്കാട്ടി.

ജൂണ്‍ 13ന് നടന്‍ സുശാന്ത് സിങിന്റെ വീട്ടില്‍ പാര്‍ട്ടിയൊന്നും നടന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് തിങ്കളാഴ്ച്ച മുംബൈ പോലിസ് കമ്മീഷണര്‍ പരം ബീര്‍ സിങ് പറഞ്ഞിരുന്നു.

ജൂണ്‍ 8ന് രാത്രി ദിശ സാലിയന്‍ മലാഡിലുള്ള ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരിച്ചത്. അതേ സമയം, സുശാന്തിനെ ജൂണ്‍ 14ന് ബാന്ദ്രയിലുള്ള വാടക ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

റാണെയ്ക്ക് പുറമേ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഭരണസഖ്യമായ മഹാ വികാസ് അകാഡി ഈ ആവശ്യം നിരസിച്ചു.

ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ആദിത്യ താക്കറെക്ക് സുശാന്തിന്റെ മരണവുമായോ കേസിന്റെ അന്വേഷണവുമായോ ഒരു തരത്തിലും ബന്ധമില്ലെന്ന് മുതിര്‍ന്ന ശിവസേനാ നേതാവും ഗതാഗത മന്ത്രിയുമായ അനില്‍ പ്രണാബ് പറഞ്ഞു.

Former Maharashtra CM alleges Sushant, Disha were murdered

Most Popular