Wednesday, January 19, 2022
HomeNewsNationalശിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദു മതം സ്വീകരിച്ചു

ശിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹിന്ദു മതം സ്വീകരിച്ചു

ലഖ്‌നോ: സംഘപരിവാര അനുകൂല പരാമര്‍ശങ്ങളിലൂടെ വാര്‍ത്താശ്രദ്ധ നേടിയ ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ദാശ്ന ക്ഷേത്രത്തിലായിരുന്നു മതംമാറ്റം. ബാബരി മസ്ജിദ് വിഷയത്തില്‍ തുടര്‍ച്ചയായി സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ച റിസ്‌വി ഏറ്റവുമൊടുവില്‍ ഖുര്‍ആനിലെ 26 വചനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

ദാശ്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകള്‍ക്കുനേതൃത്വം നല്‍കിയത്. ഇനിമുതല്‍ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നാകും റിസ്വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു. താന്‍ ഇസ്ലാമില്‍നിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു.

റിസ്വിയുടെ മതംമാറ്റത്തെ ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസീം റിസ്വി ഇനി സനാതന ധര്‍മത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പ്രതികരിച്ചു. ഒരു മതഭ്രാന്തനും ഇനി റിസ്വിക്കെതിരെ ഫത്വയിറക്കാന്‍ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.

ഭീകരവാദവും ജിഹാദും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു 26 ഖുര്‍ആന്‍ വചനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റിസ്വി കോടതിയില്‍ ഹരജി നല്‍കിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഒരു പുസ്തകവും എഴുതിയിരുന്നു റിസ്വി.

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിലേക്ക് കഴിഞ്ഞ വര്‍ഷം 51,000 രൂപ സംഭാവന ചെയ്തും റിസ്വി വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. രാമക്ഷേത്രനിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഷിയാ വഖഫ് ബോര്‍ഡിന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കുമേലാണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും ഇന്ത്യയ്ക്ക് അപമാനമാണ് പള്ളിയെന്നും നേരത്തെ റിസ്വി പ്രസ്താവിച്ചിരുന്നു. ബാബരിക്കേസിലെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യ മുസ്ലിം നേതാവ് കൂടിയാണ് റിസ്വി.

 

Most Popular