Tuesday, May 18, 2021
Home Ediotrs Pick സ്ഥിതി ഭയാനകം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍; രോഗികളുടെ എണ്ണത്തില്‍ വീണ്ടും പുതിയ റെക്കോഡിട്ട് ഇന്ത്യ

സ്ഥിതി ഭയാനകം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍; രോഗികളുടെ എണ്ണത്തില്‍ വീണ്ടും പുതിയ റെക്കോഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ജനിതക വകഭേദം വന്ന പുതിയ കൊറോണ വൈറസിന്റെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് ഇന്ത്യ. ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,34,692 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ബെഡ്ഡുകളുടെയും മരുന്നിന്റെയും ദൗര്‍ലഭ്യം മൂലം രാജ്യത്തിന്റെ പല ഭാഗത്തും രോഗികള്‍ നരകയാതനയിലാണ്.

രോഗികളുടെ എണ്ണത്തില്‍ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് ഇന്ത്യ പുതിയ റെക്കോഡിട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ രോഗികളുടെ എണ്ണം 1.45 കോടിയിലെത്തി. അമേരിക്ക മാത്രമാണ് ഇതിന് മുന്നിലുള്ളത്. 3.2 കോടിയാണ് അവിടെ രോഗികളുടെ എണ്ണം. ഒരു ദിവസം മാത്രം മരിച്ച രോഗികളുടെ എണ്ണം 1,341 ആണ്. ആകെ മരണം 1,75,649 ആയി.

കഴിഞ്ഞ വര്‍ഷം ഒരു മുന്നൊരുക്കവുമില്ലാതെ നടത്തിയ ലോക്ക്ഡൗണില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുകയും സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. സാമ്പത്തിക മേഖലയില്‍ വന്‍തകര്‍ച്ചയാണ് ഇന്ത്യ അതിലൂടെ നേരിട്ടത്. അതുകൊണ്ട് തന്നെ ഏത് വിധേനയും വീണ്ടുമൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

അതേ സമയം, കോവിഡ് ഭീകര രൂപം പൂണ്ട മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച്ച എല്ലാ നഗരങ്ങളും ഗ്രാമങ്ങളും ഒരു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു.

രോഗികളുടെ എണ്ണത്തില്‍ മുംബൈയെ മറികടന്ന ന്യൂഡല്‍ഹിയില്‍ റസ്‌റ്റൊറന്റുകള്‍, മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍ തുടങ്ങിയവ വാരാന്ത്യത്തില്‍ അടച്ചിട്ടുണ്ട. കല്യാണത്തിന് 50 പേര്‍ക്കും സംസ്‌കാര ചടങ്ങിന് 20 പേര്‍ക്കും മാത്രമാണ് അനുമതി.

സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേള
kumbh covid

ഉത്തരാഖണ്ഡില്‍ പരമാവധി 200 പേര്‍ മാത്രമേ ഒത്തുകൂടാവൂ എന്ന് നിയമം ഉണ്ടെങ്കിലുല്‍ കുംഭമേളയെ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു. ജനുവരി മുതല്‍ ഹരിദ്വാറിലെത്തിയത് 2.5 കോടി ആളുകളാണ്. ഈ ആഴ്ച്ചയില്‍ മാത്രം 46 ലക്ഷം പേര്‍ എത്തിയതായാണ് കണക്ക്. മാസ്‌ക്ക് ഉള്‍പ്പെടെ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലക്ഷക്കണക്കിന് ഭക്തര്‍ ഗംഗാനദിയില്‍ മുങ്ങാനായി എത്തിയത്.

വ്യാഴാഴ്ച്ച ഇവിടത്തെ പ്രധാന സന്യാസിമാരിലൊരാള്‍ കോവിഡ് മൂലം മരിച്ചു. എട്ട് സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ രണ്ട് ദിവസത്തെ പരിശോധനയില്‍ മാത്രം രണ്ടായിരത്തോളം പേര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. മടങ്ങിപ്പോവുന്ന ഭക്തര്‍ രാജ്യം മുഴുവന്‍ വലിയ കോവിഡ് വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അധികൃതര്‍. ഇരട്ടവകഭേദം വന്ന അതിമാരക വൈറസാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്.

നിയന്ത്രണമില്ലാതെ തിരഞ്ഞെടുപ്പ് റാലികള്‍
amit shah west bengal

ജനങ്ങളോട് നിയന്ത്രണം പാലിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന മന്ത്രിമാരും മറ്റും പതിനായിരങ്ങള്‍ ഒത്തുകൂടുന്ന നിരവധി തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് തുടരുന്ന പശ്ചിമ ബംഗാളില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത രണ്ട് റോഡ് ഷോകളും ഒരു പൊതുയോഗവുമാണ് വെള്ളിയാഴ്ച്ച മാത്രം നടന്നത്. ഈ റാലികളില്‍ പങ്കെടുത്ത കൊല്‍ക്കത്തയിലെ റെയില്‍വേ ജീവനക്കാരന്‍ കോവിഡ് ഗുരുതരമായി ഐസിയുവിലാണ്.

മരുന്നും ഓക്‌സിജനുമില്ല, നെട്ടോട്ടമോടി ജനങ്ങള്‍
delhi covid

പല ആശുപത്രികളിലും ഓക്‌സിജനും കോവിഡ് മരുന്നായ റെംഡെസിവിറും കിട്ടാനില്ലാത്ത അവസ്ഥയാണ്. കരിഞ്ചന്തയില്‍ വന്‍തുക നല്‍കി വാങ്ങുകയാണ് പലരും. ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സഹായം തേടുന്നവരുടെ ഭയപ്പെടുത്തുന്ന കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ശനിയാഴ്ച്ച എന്റെ കസിന്‍ മരിച്ചു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് നാല് ആശുപത്രികളില്‍ പോയെങ്കിലും ആരും അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല-ഈയാഴ്ച്ച ഡല്‍ഹിയില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്.

45 വയസ്സിന് താഴെയുള്ളവരും കൂട്ടികളും കൂടുതലായി കോവിഡിന്റെ ഇരകളാവുന്നു എന്നതാണ് പുതിയ ട്രെന്‍ഡെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ തവണ കുട്ടികള്‍ക്ക് കോവിഡ് ലക്ഷണം പ്രകടമാവുന്നത് വളരെ അപൂര്‍വ്വമായിരുന്നു.

വാക്‌സിന്‍ ക്ഷാമം
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 11.7 കോടി പേര്‍ക്കു മാത്രമാണ് ഇതിന് അകം വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. നിലവില്‍ വാക്‌സിന്‍ ഡോസ് സ്‌റ്റോക്ക് തീരാറായ അവസ്ഥയിലാണ്. വാക്‌സിന്‍ ക്ഷാമം നേരിടാന്‍ മുഴുവന്‍ വിദേശ വാക്‌സിനുകള്‍ക്കും അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ALSO WATCH

 

Most Popular