Friday, December 2, 2022
HomeEdiotrs Pickയുവതിയെ ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു; ഗോവയിലെ മന്ത്രിയായ ബിജെപി നേതാവ് രാജിവച്ചു

യുവതിയെ ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു; ഗോവയിലെ മന്ത്രിയായ ബിജെപി നേതാവ് രാജിവച്ചു

പനാജി: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവച്ചു.

ഗോവയിലെ മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കറാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പേരു വിവരങ്ങള്‍ അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഒരു സംസ്ഥാന മന്ത്രി ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.


ആരോപണവിധേയനായ മന്ത്രിക്കെതിരെ 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ ഡിസംബര്‍ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കലുള്ള ചിത്രങ്ങളും വീഡിയോകളം ചാറ്റുകളുമടക്കമുള്ള തെളിവുകള്‍ പാര്‍ട്ടി പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു.

തുടര്‍ന്ന് ഡിസംബര്‍ 15ന് ഗോവ കോണ്‍ഗ്രസ് ട്വിറ്റര്‍ പേജിലൂടെ
ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വാട്‌സാപ്പ് ചാറ്റുകളും പുറത്തുവിടുകയായിരുന്നു. മന്ത്രിയുടെ നഗ്ന ദൃശ്യങ്ങളും യുവതി ഗര്‍ഭിണിയായതിന്റെ തെളിവുകളും ഇതിലുണ്ട്. ഇതിന് പിന്നാലെയാണ് മിലിന്ദ് നായിക്കിന്റെ രാജി.

സ്ത്രീയെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളമുണ്ട്. ഫോണ്‍ രേഖകളുണ്ട്. ഒരു എംഎല്‍എ ആകാന്‍ കൂടി ഇയാള്‍ക്ക് യോഗ്യതയില്ല. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീ തന്റെ അവകാശം ചോദിക്കുമ്പോള്‍ ഇയാള്‍ താനൊരു മന്ത്രിയാണെന്നും തനിക്കെന്തും ചെയ്യാമെന്നും പറയുന്നുണ്ട്. സ്ത്രീയോട് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ അതിന് വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഇത് ഓഡിയോയില്‍ കേള്‍ക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Most Popular