പ്രവാസി നികുതി ആരെയൊക്കെ ബാധിക്കും; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കുമെന്ന ബജറ്റ് നിര്‍ദേശത്തിലെ ആശയക്കുഴപ്പമകറ്റാന്‍ വിശദീകരണവുമായി കേന്ദ്രമന്ത്രാലയം. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന പ്രവാസികളെ പുതിയ നികുതി നിര്‍ദേശം ബാധിക്കില്ലെന്നും ഇന്ത്യയിലുള്ള വരുമാനത്തിനാണ് നികുതി നല്‍കേണ്ടിവരികയെന്നും വിശദീകരണത്തില്‍ പറയുന്നു.

ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ ഫിനാന്‍സ് ബില്ലിലാണ് മറ്റേതെങ്കിലും രാജ്യങ്ങളില്‍ നികുതി അടക്കാത്തവരെ ഇന്ത്്യന്‍ റസിഡന്റ് ആയി കണക്കാക്കുമെന്ന നിര്‍ദേശം വന്നത്. ഇന്ത്യയില്‍ നികുതി അടക്കുന്നത് ഒഴിവാക്കാന്‍ നികുതി കുറഞ്ഞതോ നികുതി ഇല്ലാത്തതോ ആയ രാജ്യങ്ങളിലേക്ക് താമസം മാറ്റി നികുതി വെട്ടിക്കുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മറ്റു രാജ്യങ്ങളില്‍ കൃത്യമായ രേഖകളോടെ ജോലിയെടുക്കുന്ന പ്രവാസി ഇന്ത്യക്കാരെ ഉദ്ദേശിച്ചല്ല പുതിയ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവരും ആ രാജ്യത്ത് നികുതി അടക്കാത്തവരുമായ പ്രവാസികളില്‍ നിന്ന് അവര്‍ അവിടെ ജോലി ചെയ്യുന്ന വരുമാനത്തിന് നികുതി ഈടാക്കുമെന്ന വ്യാഖ്യാനം ശരിയല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒരു വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്നവരെ പ്രവാസികളായി കണക്കാക്കില്ലെന്നും പുതിയ ബജറ്റില്‍ പറയുന്നുണ്ട്. നേരത്തേ അത് 180 ദിവസം വരെയായിരുന്നു. ഇതുപ്രവകാരം വര്‍ഷത്തില്‍ 240 ദിവസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങുന്നവരെ മാത്രമേ എന്‍ആര്‍ഐ ആയി കണക്കാക്കൂ.

Content Highlights: Govt clarifies on Budget proposal to tax NRIs in India