Monday, October 25, 2021
HomeNewsNationalപെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരില്ല; ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇളവ്

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരില്ല; ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടവരുമെന്നും വിലകുറയുമെന്നുമുള്ള പ്രതീക്ഷ അവസാനിച്ചു. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ചരക്കുകളെ ജിഎസ്ടി സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ലഖ്‌നോവില്‍ നടന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 45-ാമത് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി

കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിഷയം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ചക്കെടുത്തതെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്ക് സേവന നികുതി സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്തുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോളിയും ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ വില പകുതിയോളം കുറയുമായിരുന്നു. എന്നാല്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തു. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വലിയ കുറവ് വരുമെന്നതിനാലാണിത്.

ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുളള നികുതി ഇളവ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് കൗണ്‍സിലിന്റെ മുന്നിലെത്തി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ നികുതി ഇളവുകള്‍ ജിഎസ്ടി കൗണ്‍സില്‍ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക.

മസ്‌കുലര്‍ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. എണ്ണ കമ്പനികള്‍ക്കുള്ള ബയോ ഡീസലിന്റെ നികുതി കുറച്ചു. ബയോ ഡീസലിന്റെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായാണ് കുറച്ചത്.

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലെ റെട്രോ ഫിറ്റ്‌മെന്റ് കിറ്റിന് നികുതി ഇളവ് പ്രഖ്യാപിച്ചു. വിലകൂടിയ ഇറക്കുമതി മരുന്നുകളായ സോളോഗെന്‍സ്മ, വില്‍റ്റെറ്റ്‌സോ എന്നിവയ്ക്ക് ജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്.

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തുളള സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും പുതിയ നികുതിയില്ലെന്ന് റവന്യൂ സെക്രട്ടറി സ്ഥിരീകരിച്ചു. ഇതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് നിരക്ക് വര്‍ധന ഉണ്ടാകാനിടയില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

വ്യോമ, കപ്പല്‍ മാര്‍ഗമുള്ള കയറ്റുമതിക്കുള്ള ജിഎസ്ടി ഇളവുകള്‍ നീട്ടി. സപ്തംബര്‍ മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. കയറ്റുതി രംഗത്ത് അടുത്ത കാലത്ത് ഉണ്ടായ ഉണര്‍വ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

2022 ന് ശേഷവും ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് തുടരണമെന്ന് എല്ലാ സംസ്ഥാനങ്ങളും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിശദമായ പഠനത്തിന് മന്ത്രിതല സമിതികളെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

 

 

Most Popular