Friday, December 9, 2022
HomeNewsNationalഗുജറാത്ത് കലാപം: മോദിക്കെതിരായ ആരോപണത്തില്‍ നിന്ന് പിന്മാറുന്നതായി കപില്‍ സിബല്‍, ജഡ്ജിമാര്‍ക്ക് ആശ്ചര്യം

ഗുജറാത്ത് കലാപം: മോദിക്കെതിരായ ആരോപണത്തില്‍ നിന്ന് പിന്മാറുന്നതായി കപില്‍ സിബല്‍, ജഡ്ജിമാര്‍ക്ക് ആശ്ചര്യം

ന്യൂഡല്‍ഹി: 2000ഓളം മുസ്ലിംകള്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍. കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സകിയ ജാഫരിക്കു വേണ്ടി ഹാജരാകവേ സുപ്രിം കോടതിയിലാണ് കപില്‍ സിബല്‍ ഈ അമ്പരപ്പിക്കുന്ന ചുവടുമാറ്റം നടത്തിയത്.

ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്‌ഐടി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ താന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നില്ലെന്നും അക്കാര്യത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ താന്‍ ഊന്നുന്നില്ലെന്നും സിബല്‍ വ്യക്തമാക്കി.

മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന സിബലിന്റെ വാദം രേഖപ്പെടുത്തുകയാണെന്ന് സുപ്രിംകോടതി പറഞ്ഞപ്പോള്‍ താന്‍ സംശയത്തിനിടയില്ലാത്ത വിധം രേഖാമൂലം എഴുതി നല്‍കാമെന്ന് സിബല്‍ ബോധിപ്പിച്ചു.

2002 ഫെബ്രുവരി 27ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തെ കുറിച്ച് സകിയ ജാഫരിയുടെ ഹരജിയില്‍ ഉണ്ടായിരുന്നുവെങ്കിലും കപില്‍ സിബല്‍ അത് വിട്ടുകളഞ്ഞുവെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ മുകുള്‍ രോഹതഗി സുപ്രീംകോടതി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.

ഇതുകേട്ട ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് ഈ ആരോപണം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ എന്ന് കപില്‍ സിബലിനോട് ചോദിച്ചു. സൈന്യത്തെ ഇറക്കുന്നതിലടക്കം മുന്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ സകിയ ജാഫരി ഉന്നയിച്ചിരുന്നുവെന്നും രോഹതഗി വീണ്ടും പറഞ്ഞു.

ആരോപണം കപില്‍ സിബല്‍ വായിക്കാതിരുന്നിട്ടുണ്ടെങ്കിലും മറ്റു ആരോപണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിബല്‍ തന്നെ വ്യക്തത വരുത്തണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ ആ ആരോപണത്തില്‍ ഊന്നുന്നില്ലെന്നും അതില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സിബല്‍ ബോധിപ്പിച്ചത്.

നരേന്ദ്ര മോദിക്കെതിരെ ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ രോഹതഗി തുടര്‍ന്നും വായിച്ചപ്പോള്‍ സിബല്‍ വാദം തടസ്സപ്പെടുത്തി. മോദിയെ കുറിച്ച് താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും താങ്കള്‍ ഇനിയും മോദിയെ കുറിച്ചുള്ള ആരോപണങ്ങളുടെ വായന തുടരുകയാണെങ്കില്‍ തനിക്കത് നേരിടേണ്ടിവരുമെന്നും സിബല്‍ രോഹതഗിയോടു പറഞ്ഞു. രോഹതഗിയുടെ വാദം ഡിസംബര്‍ ഒന്നിന് തുടരും.

അതേസമയം, ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകള്‍ വന്നാല്‍ 1984ലെ ഡല്‍ഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബല്‍ പറഞ്ഞു.

Most Popular