ചത്തീസ്ഗഡിലെ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

റായ്പൂര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കിയാല്‍ ഭൂമിയോ ഭൂമിയുടെ രേഖയോ ഇല്ലാത്തതിനാല്‍ ചത്തീസ്ഗഡിലെ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍.

പൂര്‍വ്വികര്‍ നിരക്ഷരരും വിവിധ ഗ്രാമങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരും ആയതിനാല്‍ ചത്തീസ്ഗഡിലെ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 1906ല്‍ ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മാഗാന്ധി എതിര്‍ത്തതു പോലെ തങ്ങള്‍ എന്‍ആര്‍സിയെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ജനങ്ങളുടെ മേല്‍ അനാവശ്യമായ തലവേദന അടിച്ചേല്‍പ്പിക്കലാണ്. നുഴഞ്ഞുകയറ്റം തടയാന്‍ ഇവിടെ നിരവധി ഏജന്‍സികളുണ്ട്. അവര്‍ക്ക് അതിനുവേണ്ട നടപടി സ്വീകരിക്കാം. എന്നാല്‍, അതിന്റെ പേരില്‍ കേന്ദ്രം സാധാരണ ജനങ്ങളുടെ തലയില്‍ കയറുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.