Saturday, January 22, 2022
HomeNewsNationalവിശ്വാസികളുടെ പ്രതിരോധം; ഗുരുഗ്രാം നമസ്‌കാര പ്രശ്‌നം കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സംഘപരിവാര ശ്രമം

വിശ്വാസികളുടെ പ്രതിരോധം; ഗുരുഗ്രാം നമസ്‌കാര പ്രശ്‌നം കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സംഘപരിവാര ശ്രമം

ചണ്ടീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ മുസ്ലിംകള്‍ നമസ്‌കാരത്തിന് ഇറങ്ങിയതോടെ അനുരഞ്ജന ശ്രമവുമായി സംഘപരിവാരം. സംഘപരിവാര അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെയും(മുസ്ലിം നാഷനല്‍ ഫോറം) കടലാസ് സംഘടനയായ ഗുരുഗ്രാം ഇമാം സമിതിയെയും കൂട്ടുപിടിച്ച് വിഷയം ഒതുക്കാനാണ് സംഘപരിവാരത്തിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി മുസ്ലിം നാഷനല്‍ ഫോറവും ഗുരുഗ്രാം ഇമാം സമിതിയിലെ പണ്ഡിതന്മാരും ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന് മെമ്മോറാണ്ടം നല്‍കി. 12 പള്ളി, മദ്രസാ, വഖഫ് ഭൂമികളില്‍ ജുമുഅ നടക്കുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മറ്റ് ആറിടങ്ങളില്‍ താല്‍ക്കാലികമായും പ്രാര്‍ത്ഥന നടക്കും. ഇവിടങ്ങളില്‍ ഭരണകൂടം നിശ്ചയിക്കുന്ന മെയിന്റനന്‍സ് ഫീസ് സംഘടനകള്‍ അടയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൊത്തം 18 ഇടങ്ങളില്‍ നമസ്‌കാരം നടത്താമെന്നാണ് ധാരണയിലെത്തിയത്.

എന്നാല്‍, ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് മുന്നോട്ട് വച്ച തീരുമാനം അംഗീകരിക്കില്ലെന്ന് പ്രദേശത്തെ മുസ്ലിം സംഘടനകള്‍ അറിയിച്ചു. ജുമുഅ നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഗൂഢ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംഘടനകള്‍ ആരോപിച്ചു.

മുസ്ലിം രാഷ്ട്രീയ മഞ്ചിനെതിരേ ഗുരുഗ്രാം മുസ്ലിം കൗണ്‍സിലും മുസ്ലിം ഏകതാ മഞ്ചും ഡപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. തുറസ്സായ സ്ഥലങ്ങളില്‍ നമസ്‌കാരം നടത്തുന്നത് തടയുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംഘടനകള്‍ ആരോപിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ചിനെയോ ഏതാനും മൗലവിമാരെയോ തങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല.

ജില്ലാ ഭരണകൂടം നേരത്തേ 37 സ്ഥലങ്ങളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിരുന്നു. അതിന്റെ എണ്ണം ഏകപക്ഷീയമായി കുറയ്ക്കാന്‍ അവര്‍ക്ക് എന്താണ് അധികാരം. പ്രദേശത്തെ മുസ്ലിംകളുടെ അംഗീകാരമില്ലാത്ത ഒരു ചെറുസംഘത്തെ കൂട്ടുപിടിച്ചുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും പ്രദേശത്തെ പ്രമുഖ മുസ്ലിം സംഘടനകള്‍ ആരോപിച്ചു.

പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌ക്കാരത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇമാം സമിതി, ഹിന്ദു സംഘര്‍ഷ് നേതാക്കളും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ യോഗത്തിലാണ് 18 സ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കാന്‍ തീരുമാനിച്ചതെന്ന് ഹിന്ദുത്വ സംഘടനാ നേതാവായ രാജീവ് മിത്തല്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുരുഗ്രാമില്‍ ജുമുഅ നടത്താനുള്ള നീക്കം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച ഹിന്ദുത്വ പ്രതിഷേധങ്ങള്‍ക്കിടെ സ്ഥലത്തെ ഇമാമിന്റെ നേതൃത്വത്തില്‍ നമസ്‌കാരം നടന്നു. ഇതോടെയാണ് ആര്‍എസ്എസ് അനുകൂല സംഘടനയുടെ സഹായത്തോടെ ഏതാനും മൗലവിമാരെ കൂട്ടുപിടിച്ച് പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമം ആരംഭിച്ചത്.

Most Popular