Sunday, June 20, 2021
Home News National ഹാഥ്‌റസിലെ പെണ്‍കുട്ടിക്ക് പ്രതികളിലൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

ഹാഥ്‌റസിലെ പെണ്‍കുട്ടിക്ക് പ്രതികളിലൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

ലഖ്‌നോ: ഹാഥ്‌റസില്‍ മേല്‍ജാതിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്ന ദലിത് പെണ്‍കുട്ടിക്ക് നാലു പ്രതികളില്‍ ഒരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സിബിഐ കുറ്റപത്രം. ഈ അടുപ്പത്തില്‍ നിന്ന് പിന്മാറിയതിലെ അമര്‍ഷമാണ് മറ്റു മൂന്നു പ്രതികളുമായി ഗൂഢാലോചന നടത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാന്‍ കാരണമായത് എന്ന് സിബിഐ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. യുവതി മരണമൊഴിയില്‍ മൂന്നു പ്രതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടും എഫ്ഐആറില്‍ ഒരാളുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഉത്തര്‍പ്രദേശ് പോലിസിന്റെ കൃത്യവിലോപത്തെ കുറ്റപത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് യുവതി നേരിട്ട് മൊഴി നല്‍കിയിട്ടും പോലിസ് വൈദ്യപരിശോധന നടത്തുന്നതില്‍ അലസത കാട്ടി എന്നും ആക്ഷേപമുണ്ട്.

യുവതിയും സമീപവാസിയായ സന്ദീപും തമ്മില്‍ രണ്ടുമൂന്നു വര്‍ഷം മുമ്പുണ്ടായ പരിചയം അടുപ്പത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു. ഇരുവരും ആളൊഴിഞ്ഞ ഇടങ്ങളില്‍ വച്ച് പലതവണ കണ്ടിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഗ്രാമവാസികളുടെ മൊഴിയെപ്പറ്റിയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സന്ദീപിന്റെ മൂന്നു ഫോണ്‍ നമ്പറുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചില ബന്ധുക്കളുടെ നമ്പറുകളിലേക്ക് പലതവണ കോളുകള്‍ വന്നിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു.

cbi

എന്നാല്‍, ഈ ഫോണ്‍ വിളികളെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ ഒരു അടുത്ത ബന്ധു സന്ദീപിന്റെ വീട്ടില്‍ ചെന്ന് കുടുംബാംഗങ്ങളുമായി ബഹളമുണ്ടാക്കി എന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ ഫോണ്‍വിളികളെപ്പറ്റി ഗ്രാമമുഖ്യന് പരാതി നല്‍കി എന്നും പറയുന്നു. പെണ്‍കുട്ടി ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇത് സന്ദീപില്‍ വൈരാഗ്യമുണ്ടാക്കി. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി പുതിയ ബന്ധം ഉണ്ടായതാണ് തന്നെ ഒഴിവാക്കാന്‍ കാരണം എന്ന് സന്ദീപ് ധരിച്ചതാണ് വൈരാഗ്യം കടുപ്പിച്ചതെന്നും സിബിഐ പറയുന്നു.

ബലാത്സംഗം നടന്നതിന് ഒരാഴ്ച കഴിഞ്ഞ് സെപ്റ്റംബര്‍ 22ന് പോലിസ് ഫോറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ വൈദ്യ പരിശോധനയില്‍ ”ശാരീരികമായ പരിക്കുകളുണ്ടെങ്കിലും, പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകള്‍ ശരീരത്തില്‍ ഇല്ല” എന്ന വിവാദപരമായ നിരീക്ഷണമുണ്ടായിരുന്നു. സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ദില്ലി എയിംസിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ വൈദ്യ പരിശോധനയില്‍ ‘ഒരാഴ്ച കഴിഞ്ഞും നേരിയ രക്തസ്രാവം കണ്ടെത്തപ്പെട്ടിരുന്നു എന്നതിനാല്‍ ബലാത്സംഗം നടന്നിട്ടില്ല എന്ന് കൃത്യമായി പറയാനാവില്ല’ എന്ന നിഗമനമാണ് ഉണ്ടായത്. എന്നാല്‍, സപ്തംബര്‍ 22ന് പെണ്‍കുട്ടി നല്‍കിയ മരണ മൊഴിയില്‍, പ്രതികളായ നാലുപേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത് പറഞ്ഞിരുന്നു. ആ നാലുപേരും സംഭവം നടക്കുന്ന സപ്തംബര്‍ 14ന് ഹാഥ്‌റസില്‍ തന്നെ ഉണ്ടായിരുന്നു എന്ന കാര്യവും സിബിഐ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഉറപ്പിച്ചിട്ടുണ്ട്.

സിബിഐ കോടതിയില്‍ നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 302 (കൊലപാതകം) എന്നീ വകുപ്പുകളും എസ്-എസ്ടി നിയമത്തിലെ ബാധകമായ വകുപ്പുകള്‍ എന്നിവ ചേര്‍ത്തുകൊണ്ടാണ്, സന്ദീപ് (20),അമ്മാവന്‍ രവി (35) സ്‌നേഹിതര്‍ രാമു (26), ലവ് കുഷ് (23) എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Most Popular