Friday, September 24, 2021
Home News National രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇഡിക്ക് വിലയില്ലാതായി; 121 പേരുകളുള്ള ബിജെപിയുടെ ഫയല്‍ കൈയിലുണ്ടെന്ന് ശിവസേന

രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇഡിക്ക് വിലയില്ലാതായി; 121 പേരുകളുള്ള ബിജെപിയുടെ ഫയല്‍ കൈയിലുണ്ടെന്ന് ശിവസേന

മുംബൈ: രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള ഏജന്‍സികള്‍ക്ക് വിലയില്ലാതായെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് (പിഎംസി) ബാങ്കിന് 4,355 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വായ്പാ ക്രമക്കേട് കേസില്‍ ഭാര്യ വര്‍ഷാ റാവുത്തിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ‘മുഖാമുഖം’ വേണം നടത്താന്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടു ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ശിവസേന അതിന്റെ വഴിക്കു മറുപടി നല്‍കിക്കോളും. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഇഡി, സിബിഐ, ഇന്‍കംടാക്‌സ് വിഭാഗം തുടങ്ങിയവയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നേരത്തേ ഈ ഏജന്‍സികള്‍ അന്വേഷണം നടത്തിയാല്‍ അവിടെ ഗുരുതര പ്രശ്‌നമുണ്ടെന്നു തോന്നിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികാരത്തിനു വേണ്ടിയുള്ള നടപടികളാണ് ഉണ്ടാകുന്നത്.’- റാവുത്ത് പറഞ്ഞു. ‘ബിജെപിയെക്കുറിച്ചൊരു ഫയല്‍ എന്റെ കൈവശം ഉണ്ട്. അതില്‍ 121 പേരുകളുണ്ട്. അത് ഉടന്‍ ഇഡിക്കു കൈമാറും. അഞ്ചു വര്‍ഷമെങ്കിലും ഇഡി അതിന്റെ പിന്നാലെ നടക്കേണ്ടിവരും. അത്രയധികം പേരുകളാണ് അതിലുള്ളത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ ഇഡി ആസ്ഥാനത്ത് ഡിസംബര്‍ 29 ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വര്‍ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിഎംസി തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട പ്രവീണ്‍ റാവുത്ത് എന്നയാളുടെ ഭാര്യയുമായി 50 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വര്‍ഷയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

Most Popular