തന്നെ കടിച്ച എട്ടടി മൂര്‍ഖനെ വായിലിട്ട് ചവച്ച് മധ്യവയസ്‌കന്‍; ഒടുവില്‍ രണ്ടുപേരും മരണത്തിന് കീഴടങ്ങി

krait snake

പട്‌ന: പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യും. ഒന്നുകില്‍ തല്ലിക്കൊല്ലും, അല്ലെങ്കില്‍ പിടികൂടി ഡോക്ടറുടെ അടുത്ത് ചികില്‍സ തേടിയെത്തും. എന്നാല്‍, ബിഹാര്‍ സ്വദേശിയായ രാമ മഹാത്തോയ്ക്ക് തന്നെ പാമ്പ് കടിച്ചത് ഒട്ടും സുഖിച്ചില്ല. ദേഷ്യം മൂത്ത അയാള്‍ പാമ്പിനെ പിടിച്ച് വായിലിട്ട് ചവച്ചരച്ചു.

ഞായറാഴ്ച്ച വൈകുന്നേരം നളന്ദ ജില്ലയിലെ മധോപൂര്‍ ദിഹ് ഗ്രാമത്തിലാണ് സംഭവം. 65 വയസ്സുള്ള മഹാത്തോ വീടിനു പുറത്തിരിക്കുകയായിരുന്നു. ആ സമയത്താണ് കൊടും വിഷമുള്ള എട്ടടി മൂര്‍ഖന്‍ കാലില്‍ കൊത്തിയത്. ഇതോടെ ദേഷ്യം മൂത്ത മഹാത്തോ ‘എന്നെ കടിക്കാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു’ എന്ന് ചോദിച്ച് പാമ്പിനെ വായിലിട്ട് കടിക്കുകയായിരുന്നുവെന്ന് ഗ്രാമസഭാ പ്രതിനിധി ഭൂഷണ്‍ പ്രസാദ് പറഞ്ഞു.

ഇതിനിടെ പാമ്പ് നിരവധി തവണ മഹാത്തോയുടെ മുഖത്ത് കടിച്ചു. എന്നാല്‍, പാമ്പിനെ കൊല്ലുന്നതു വരെ മഹാത്തോ പിടിവിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മാഹത്തോയെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ചികില്‍സ കിട്ടാതെ മഹാത്തോയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ALSO WATCH