ഇന്ത്യ സമ്പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി

narendra modi

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സമ്പൂര്‍ണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മോദി ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് നിയന്ത്രണമെന്നും അറിയിച്ചു. രാജ്യത്തെ ഓരോ പൗരന്‍മാരുടെയും സുരക്ഷയ്ക്ക്
നടപടി അത്യന്താപേക്ഷിതമാണ്. ഇന്നുരാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയന്ത്രണം രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ന് രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി കര്‍ശന നിയന്ത്രണങ്ങളെ കുറിച്ച് പ്രഖ്യാപിച്ചത്. ജനതാകര്‍ഫ്യൂ ജനങ്ങള്‍ വന്‍ വിജയമാക്കിയത് ഏറെ നന്ദിയുണ്ട്. എന്തു സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാര്‍ ഒന്നിച്ച് നേരിടുമെന്ന് നാം തെളിയിച്ചു. ലോകമാകെ കൊറോണ വൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മള്‍ കാണുകയാണല്ലോ.

പല വികസിത രാജ്യങ്ങളും ഇതിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. അവരുടെ പക്കലൊന്നും ഇതിനെ നേരിടാന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലല്ല. എന്നിട്ടും വൈറസ് പടരുകയാണ്. ജനങ്ങള്‍ സാമൂഹ്യ അകലം മാത്രമാണ് മഹാമാരിയെ നേരിടാന്‍ വഴി. ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടരുന്നത് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിച്ചേ മതിയാവൂ. ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടതുള്ളൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. അത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.
ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നുണ്ട്. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാന സര്‍ക്കാരുകളും മികച്ച രീതിയിലാണ് നേരിടുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. അതിനാല്‍ ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാലാണ് പ്രഖ്യാപനവുമായി മുന്നോട്ടുപോവുന്നത്.
ഈ പശ്ചാത്തലത്തില്‍ നമുക്ക് വേണ്ടി നിസ്വാര്‍ത്ഥമായി 24 മണിക്കൂറും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെയും പോലിസിനെയും സന്നദ്ധപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും നാം ബഹുമാനിക്കണം. അവരെ അഭിവാദ്യം ചെയ്യണം. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നല്ലാതെ കൊവിഡിന് മറ്റൊരു മരുന്നും കഴിക്കരുത്. വ്യാജമരുന്നുകള്‍ ജീവന്‍ തന്നെ അപകടകരമായേക്കാം.
ആരും വീടിന് പുറത്തിറങ്ങരുത്. കൈ കൂപ്പിക്കൊണ്ട് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വീടിന് മുന്നില്‍ ഒരു ലക്ഷ്മണരേഖ വരയ്ക്കൂ. അവിടെ മാത്രം നില്‍ക്കൂ. ഇക്കാലത്തെയും നമ്മള്‍ അതിജീവിക്കും. വലിയ കാലയളവിലേക്കാണ് ലോക്ക് ഡൗണെന്ന് സര്‍ക്കാരിന് അറിയാം. പക്ഷേ, സര്‍ക്കാര്‍ കൂടെയുണ്ട്.
നിങ്ങള്‍ ആരോഗ്യം പാലിക്കൂ. എല്ലാവര്‍ക്കും നന്ദി എന്നു പറഞ്ഞാണ് നരേന്ദ്രമോദി പ്രസ്താവന അവസാനിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജനതാ കര്‍ഫ്യു ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഞായറാഴ്ച രാജ്യത്താകെ ജനതാ കര്‍ഫ്യൂ വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.