ന്യൂഡല്‍ഹി: രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്. എന്നാല്‍, മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. 71% കുട്ടികളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരോ മൂന്നാം തരംഗം തുടങ്ങിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം പറ്റേ കുറഞ്ഞ ശേഷം പിന്നീട് ക്രമേണ വര്‍ധിക്കുന്നത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയാണെന്നാണു പിജി ഇന്‍സ്റ്റിറ്റ്യൂട്ട് സിറോ സര്‍വേയില്‍നിന്നു നിരീക്ഷിക്കുന്നു.
മൂന്നാംതരംഗം തീവ്രമാകുന്നതു വൈകാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരില്‍ പത്തു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത് (ബ്രേക്ക്ത്രൂ കേസുകള്‍). ഇവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ല. അതുകൊണ്ടു കോവിഡ് പ്രതിരോധത്തിനു വാക്സിന് നിര്‍ണായകമാണെന്നും സര്‍വേ അടിവരയിടുന്നു.
രാജ്യത്ത് തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന വാക്സിനേഷനില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ട്. 70 കോടിയോളം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന് ലഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.