ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാന്‍ സാധ്യത. ഇന്ന് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ ഭീതി ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.
പുറത്തു നിന്നെത്തുന്ന ഒരു രോഗം പ്രാദേശികമായി പകരുകയും പിന്നീട് നിയന്ത്രണാതീതമായ രൂപത്തില്‍ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹവ്യാപനം.
തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി തമിഴ്‌നാട്ടിലേക്ക് യാത്രചെയ്തിട്ടുണ്ട്. ഇത് സമൂഹ വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക നിഗമനം. ഈ വിവരം ഡല്‍ഹി സര്‍ക്കാരിനെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച വഴികള്‍ കണ്ടെത്താനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.
അതിനിടെ ഇന്ത്യയില്‍ വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 169 ആയി.