ചെന്നൈ: ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ പ്രയോഗത്തില്‍ വന്വീഴ്ചകളുണ്ടായെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍. ”ലോക്ക്ഡൗണ്‍ തുടങ്ങുമ്പോള്‍ 257 പേരാണ് ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരായുണ്ടായിരുന്നത്. ഇന്നിപ്പോള്‍ അത് 56,000 കടന്നിരിക്കുന്നു. ലോക്ക്ഡൗണ്‍ വിജയമായെന്ന് ഈ കണക്കുകള്‍ നമ്മോട് പറയുന്നില്ല.” മാതൃഭൂമി ഡോട്ട്കോമിനോട് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ ആവശ്യമായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പില്‍ കാര്യമായ വീഴ്ചകളുണ്ടായി. മാര്‍ച്ച് 24ന് ദേശീയ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് നാലു മണിക്കൂര്‍ മാത്രം നോട്ടീസ് നല്‍കിയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപനമെങ്കില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നമടക്കമുള്ളവ ഒഴിവാക്കാമായിരുന്നു. ആളുകള്‍ കൂട്ടത്തോടെ ചന്തകളിലേക്കെത്തുന്നതിനും ശാരീരിക അകലം പാലിക്കപ്പെടാതിരിക്കുന്നതിനും ഇതിടയാക്കി. കൈയ്യടിക്കുകയും മണി അടിക്കുകയും മാത്രമല്ല ചെയ്യേണ്ടിയിരുന്നതെന്ന് ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതായിരുന്നുവെന്ന് ജേക്കബ് ജോണ്‍ പറഞ്ഞു.
എത്രയോ കാലം കൊണ്ടാണ് കേരളത്തിലെ ആരോഗ്യ പരിപാലന മേഖല ഇത്രമാത്രം മുന്നേറ്റം കൈവരിച്ചത്. അതുകൊണ്ടുതന്നെ കേരള മോഡല്‍ പിന്തുടരുക മറ്റ് സംസ്ഥാനങ്ങള്‍ക്ക് എളുപ്പമല്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ലോക്ക്ഡൗണായില്ല എന്നാണ് കൊവിഡ് 19 ബാധിതരുടെ എണ്ണം നമ്മോട് പറയുന്നത്. ലോക്ക്ഡൗണ്‍ വൈറസിനെ തളര്‍ത്തിയില്ല, അതേസമയം നമ്മുടെ സമ്പദ് മേഖല തകരുകയും ചെയ്തു.
ആഗസ്ത് ആവുമ്പോഴേക്കും 60 ശതമാനം പേര്‍ക്ക് കൊറോണ
ഇപ്പോഴത്തെ അവസ്ഥവെച്ചു നോക്കുമ്പോള്‍ ആഗസ്ത അവസാനത്തോടെയാവും കൊവിഡ് 19 ഉയര്‍ച്ചയിലെത്തുക എന്നാണ് അനുമാനിക്കേണ്ടത്. ആഗസ്ത് ആവുമ്പോഴേക്കും ഇന്ത്യന്‍ ജനതയുടെ 60% പേര് അതായത് 130 കോടിയില്‍ 78 കോടി ആളുകളെങ്കിലും കൊറോണയുമായി നേര്‍ക്ക് നേര് വന്നിരിക്കും.
ഇതിനെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രയോജനപ്പെടുത്താനാവണം. ലോക്ക്ഡൗണ്‍ സാവകാശമാണ് നല്‍കുന്നത്. കൂടുതല്‍ ആസ്പത്രികള്‍, വെന്റിലേറ്ററുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവ സജ്ജീകരിക്കണം. വാസ്തവത്തില്‍ ഇതിനായി സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ടതായിരുന്നു. ഈ മഹാമാരിയെ നേരിടുന്നതില്‍ സൈന്യത്തിന് നിസ്തുലമായ പങ്ക് വഹിക്കാനാവും. ആഗസ്തില്‍ ലോക്ക് മഹാമാരി അതിന്റെ കൊടുമുടിയിലെത്തുമ്പോള്‍ ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം പ്രയോജനമുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം പേരും മാസ്ക്ക് ധരിച്ചാല്‍ കേരളത്തിന് ഇപ്പോഴുള്ള നേട്ടം നിലനിര്‍ത്താനാവുമെന്നും ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു.