Saturday, July 24, 2021
Home News National ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു; ജൂണ്‍ 8ന് ശേഷം നിയന്ത്രണം തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം; ആരാധനാലയങ്ങള്‍...

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു; ജൂണ്‍ 8ന് ശേഷം നിയന്ത്രണം തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം; ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ ലോക്ക്ഡൗണ്‍ കാലാവധി ഇന്ന് തീരാനിരിക്കേ, തീവ്രബാധിതമേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ ഒരു മാസം കൂടി നീട്ടി. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകളും കോളജുകളും തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട് പ്രഖ്യാപിക്കും.

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു. അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രണങ്ങളില്ല. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതല്‍, ഇല്ലാതാകും. പക്ഷേ, തീവണ്ടികളിലും വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കും. സ്വകാര്യവാഹനങ്ങളില്‍ പാസില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നര്‍ത്ഥം.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും.

സാമൂഹിക അകലം പാലിച്ച്, നിയമങ്ങള്‍ പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.

The nationwide lockdown to fight coronavirus has been extended till June 30, but malls, restaurants and religious places can reopen from June 8 except in containment zones, or areas sealed because of a large number of virus cases.

Most Popular