Sunday, June 20, 2021
Home Ediotrs Pick മരിച്ചെന്ന് കരുതി ശവദാഹം നടത്തിയ ആള്‍ ഒരാഴ്ച്ചയ്ക്കു ശേഷം തിരിച്ചെത്തി

മരിച്ചെന്ന് കരുതി ശവദാഹം നടത്തിയ ആള്‍ ഒരാഴ്ച്ചയ്ക്കു ശേഷം തിരിച്ചെത്തി

ജയ്പൂര്‍: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി ദഹിപ്പിച്ചയാള്‍ ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ രാജമസന്ദിലാണ് കോവിഡ് ബഹളങ്ങള്‍ക്കിടയിലെ ഈ സംഭവം. ചികിത്സയിലിരിക്കെ മരിച്ച ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ തിരിച്ചറിയാത്ത മൃതദേഹമായി ആര്‍ കെ ഹോസ്പിറ്റല്‍ പ്രഖ്യാപിച്ചതാണ് വിനയായത്. കണാതായ ഓംകാര്‍ ലാല്‍ ഗഡുലിയ എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് തെറ്റിദ്ധരിച്ച് കുടുംബം ഏറ്റെടുക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു.

മദ്യപാനിയായ ഓംകാര്‍ ഗഡുലിയ മേയ് 11നാണ് വീട്ടില്‍ അറിയിക്കാതെ ഉദയ്പൂരിലേക്ക് പോയത്. കരള്‍ സംബന്ധമായ രോഗചികിക്തയ്ക്കായി ഓംകാറിനെ അവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേ ദിവസം തന്നെയാണ് പ്രദേശത്ത് നിന്ന് ഏതാനും നാട്ടുകാര്‍ ഇടപെട്ട് ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

മൃതദേഹം അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. പേരും വിലാസവുമില്ലാത്ത മൃതദേഹം ഏറ്റുവാങ്ങാന്‍ മൂന്നു ദിവസം പിന്നിട്ടിട്ടും ആരും എത്തിയില്ല. വിവരം പോലീസ് പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് പലരും മൃതദേഹ പരിശോധിക്കാനെത്തി. ഓംകാറിന്റെ ബന്ധുക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൈയിലെ മുറിപ്പാടും മറ്റു ലക്ഷണങ്ങളും ഓംകാറിന്റേതിന് സമാപനമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ വിട്ടുതരണമെന്ന് ഓംകാറിന്റെ ബന്ധുക്കള്‍ പോലിസിനോട് ആവശ്യപ്പെട്ടു. പിന്നീട് മേയ് 15ന് സംസ്‌ക്കാരവും നടത്തി.

മേയ് 23ന് വീട്ടില്‍ തിരിച്ചെത്തിയപ്പേഴാണ് തന്റെ ശവസംസ്‌ക്കാരം വരെ നടന്നതായി ഓംകാര്‍ ഗഡുലിയ അറിയുന്നത്. വിവരമറിഞ്ഞ് പോലിസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാള്‍ ഗോവര്‍ധന്‍ പ്രജാപത് എന്നയാളാണെന്ന് സ്ഥിരീകരിച്ചത്. ഇത് പോലീസിന്റെ പിഴവല്ലെന്നും തിരിച്ചറിയാത്ത മൃതദേഹമെന്ന് പ്രഖ്യാപിച്ച ആശുപത്രിക്കാണ് വീഴ്ച സംഭവിച്ചതെന്നും പോലിസ് പറഞ്ഞു. മോര്‍ച്ചറി ജീവനക്കാര്‍ക്കാണ് പിഴവ് പറ്റിയതെന്ന് ആശുപത്രി അധികൃതരും സമ്മതിച്ചു. ദിവസേന ആയിരക്കണക്കിന് കോവിഡ് രോഗികളും നിരവധി മൃതദേഹങ്ങളും എത്തുന്ന ആശുപത്രിയില്‍ സംഭവിച്ച സ്വഭാവിക അബദ്ധമാണിതെന്നാണ് ന്യായീകരണം.
ALSO WATCH

Most Popular