അഞ്ച് വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം നല്‍കാനൊരുങ്ങി ഇന്ത്യ; ഖത്തര്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ

Sputnik-V. vacc

ന്യൂഡല്‍ഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ അഞ്ച് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം മൂന്നാം പാദത്തോടെ അഞ്ച് വാക്സിനുകള്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്പുട്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ എന്നിവയ്ക്കാണ് അംഗീകാരം നല്‍കുക. വിദേശത്ത് നിന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകളില്‍ ഒന്ന് എടുത്ത് വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റീന്‍ ഇളവ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഈയിടെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല. ജോണ്‍സണ്‍ ആന്റ് ജോണ്‍സന് ഇന്ത്യ ഉടന്‍ അംഗീകാരം നല്‍കുകയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസമാവും.

ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലുള്ള 20 ഓളം കോവിഡ് വാക്‌സിനുകളില്‍ സ്പുട്‌നിക് വി വാക്‌സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ആദ്യം ലഭിക്കുകയെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്പുട്‌നിക് വാകിസിന് ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെട്രോ ബയോഫാര്‍മ, ഗ്ലാന്റ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്.

ജൂണ്‍ മാസത്തോടെ സ്പുട്‌നിക് വാക്സിന്‍ ഉപയോഗത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍, സിഡസ് കാഡില എന്നിവ ആഗസ്തിലും സപ്തംബറോടെ നൊവാക്സും ഒക്ടോബറില്‍ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്സിനും ലഭ്യമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ALSO WATCH