Friday, August 6, 2021
Home News National ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ആഗസ്ത് 18 മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാം

ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍; ആഗസ്ത് 18 മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാം

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സര്‍വീസ് സംവിധാനത്തിന്(എയര്‍ ബബിള്‍) ഇന്ത്യയും ഖത്തറും തമ്മില്‍ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തര്‍ വിമാന കമ്പനിക്കും(ഖത്തര്‍ എയര്‍വെയ്‌സ്) ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും പരസ്പരം യാത്രക്കാരെ കൊണ്ടുപോകാനാവും.

നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നത്. ഈ വിമാനങ്ങളില്‍ ഖത്തറിലേക്കുള്ള യാത്രക്കാര്‍ വരുന്നത് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിലക്കിയിരുന്നു. ഖത്തര്‍ വിമാന കമ്പനികള്‍ക്കും കൂടി യാത്രക്കാരെ കൊണ്ടുവരുന്നതിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്റ്ററേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കൊപ്പം ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ക്കും അനുമതിയുണ്ടാവും. ഈ മാസം 18 മുതല്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് ധാരണ.

ഈ ഉത്തരവ് പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിവാര സര്‍വീസുകളില്‍ ഖത്തര്‍ എയര്‍വെയ്‌സിനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും സീറ്റുകള്‍ തുല്യമായി വീതിച്ചു നല്‍കും. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്ക് വിധേയമായി ആയിരിക്കും സര്‍വീസ്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകളില്‍ ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് വരാന്‍ അനുമതിയുണ്ടാവും. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, ക്വാറന്റീന്‍ ബുക്കിങ് തുടങ്ങിയ നിബന്ധനകള്‍ ബാധകമായിരിക്കും.

ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകള്‍ അതത് വിമാന കമ്പനികള്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി വില്‍പ്പന നടത്തും. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. നേരത്തേ യുഎഇ, കുവൈത്ത്, അമേരിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.

Most Popular