Friday, October 22, 2021
HomeNewsNationalസൗദിയില്‍ നിന്ന ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ഉടന്‍; എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ വിഭാഗവുമായി...

സൗദിയില്‍ നിന്ന ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ഉടന്‍; എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ വിഭാഗവുമായി കൂടിക്കാഴ്ച്ച നടത്തി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ പുരോഗതി. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) എന്‍ റാം പ്രസാദ് ബുധനാഴ്ച സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി.

കോവിഡ് പശ്ചാത്തലത്തിലുണ്ടായ യാത്രാ നിരോധനം നീക്കുക, ഇരുഭാഗത്തു നിന്നുള്ള വിമാന സര്‍വീസിന് വേണ്ടി എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിടുക, നിര്‍ത്തിവെച്ച വിമാന സര്‍വീസ് സാധ്യമായ വേഗത്തില്‍ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗദി അധികൃതര്‍ക്ക് അനുകൂല നിലപാടാണുള്ളതെന്നും എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി ആശ്രയിച്ചാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും എംബസി പ്രസ് സെക്രട്ടറി കൂടിയായ അസീം അന്‍വര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആരോഗ്യ വകുപ്പ് ഡപ്യൂട്ടി മന്ത്രി അബ്ദുറഹ്‌മാന്‍ അല്‍ഐബാന്‍, അസിസ്റ്റന്റ് ഡപ്യൂട്ടി മന്ത്രി സാറ അല്‍സഈദ് എന്നിവരുമായി ഈ വിഷയത്തില്‍ വെര്‍ച്വലായി ചര്‍ച്ച നടത്തിയിരുന്നെന്നും അസീം അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞയാഴ്ച ജിസിസി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായത്.


 

Most Popular