Friday, June 18, 2021
Home News National തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിക്കാനൊരുങ്ങി ഇന്ത്യ; ഗള്‍ഫ് രാജ്യങ്ങള്‍ പരിഗണിക്കപ്പെട്ടേക്കും

തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിക്കാനൊരുങ്ങി ഇന്ത്യ; ഗള്‍ഫ് രാജ്യങ്ങള്‍ പരിഗണിക്കപ്പെട്ടേക്കും

ന്യൂഡല്‍ഹി: ഈ മാസം 31 വരെ വിലക്ക് തുടരുമെങ്കിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പരിഗണന ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഏതൊക്കെ റൂട്ടുകളിലായിരിക്കും അനുമതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗള്‍ഫ് വിമാന കമ്പനികള്‍ ഈമാസം 15മുതല്‍ കേരളത്തിലേക്കും മറ്റും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ മാസാവസാനം വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍, ചില പ്രത്യേക റൂട്ടുകളില്‍ ഇന്ത്യയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകമായി പരിഗണിച്ചു കൊണ്ടായിരിക്കും ഈ അനുമതി.

ഗള്‍ഫ് വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കുമാണ് ഉത്തരവിന്റെ കോപ്പി കൈമാറിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ സെക്ടറുകളിലേക്കും തിരിച്ചും പറക്കാന്‍ അനുമതി തേടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ ഇന്ത്യയെ നേരത്തെ തന്നെ സമീപിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്‌സും ഈ രീതിയിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ മാസം 15 മുതല്‍ കേരളം ഉള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് പതിവ് ബുക്കിങ് പ്രക്രിയയും കമ്പനികള്‍ ആരംഭിച്ചു. എന്നാല്‍, ഇന്ത്യയുടെ അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍ നടപടികള്‍.

Most Popular