ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നത് പരിഗണിച്ച് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഇന്ത്യ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങള്‍ വിലക്കിയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പ്രവാസികള്‍ക്ക് മടങ്ങിപ്പോവാന്‍ കഴിയാത്ത സാഹചര്യമാണ്.
രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ ചില അനുകൂല നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്ര സാധാരണ നിലയിലേക്ക് ആക്കുന്നതിന് കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നല്‍കുന്ന പ്രധാന വാക്‌സിനുകളില്‍ ഒന്നായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പകുതിയും കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.
ALSO WATCH