കോവിഡില്‍ കുടുങ്ങി ഇന്ത്യന്‍ ടീം; നാല് പുതുമുഖങ്ങള്‍ക്ക് അവസരം

India VS Srilanka T20

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യന്‍ ടീം കോവിഡിന്റെ നിഴലില്‍. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. കോവിഡ് മൂലം ചില പ്രധാന താരങ്ങള്‍ക്ക് മാറനില്‍ക്കേണ്ടി വന്നതോടെ നാല് താരങ്ങള്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിക്കും. റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നവരാണ് ആദ്യ മത്സരം കളിക്കുക. റുതുരാജും ശിഖര്‍ ധവാനും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും.

ക്രുണാല്‍ പാണ്ഡ്യ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ടീം അഴിച്ചുപണിതത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്സില്‍ പന്തെറിയുന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ടീം പുതുക്കുകയായിരുന്നു. ആറു ബൗളര്‍മാരും അഞ്ച് ബാറ്റ്സ്മാന്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

ആദ്യ ട്വന്റിയില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച നടക്കേണ്ട മത്സരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.