ദോഹ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര നവംബര്‍ 19 മുതല്‍ ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമായ വിസ്താര ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കാണ് സര്‍വീസ് നടത്തുക.
നിലവില്‍ ഇന്ത്യക്കും ഖത്തറിനുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് വിമാന സര്‍വീസ് നടക്കുന്നത്. ഖത്തര്‍ എയര്‍വെയ്സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇതു പ്രകാരം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കു പറക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയാണ് ഖത്തര്‍ എയര്വെയസിന് പുറമേ നിലവില്‍ സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ 31വരെയാണ് എയര്‍ ബബിള്‍ കരാര്‍ കാലാവധി.
വ്യാഴാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും രാത്രി 8ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിസ്താര വിമാനം ഖത്തര്‍ സമയം രാത്രി 9.45നാണ് ദോഹയില്‍ എത്തുക. ദോഹയില്‍ നിന്ന് രാത്രി 10.45നാണ് വിമാനം തിരിച്ചു പറക്കുക. നവബര്‍ 19 മുതല്‍ ഡിസംബര്‍ 31വരെയാണ് ഈ ഷെഡ്യൂള്‍ നിലനില്ക്കുക. എയര്‍ബസ് എ320 വിമാനമാണ് ഈ റൂട്ടില്‍ പറത്തുകയെന്ന് വിസ്താര വെബ്സൈറ്റില്‍ പറയുന്നു.
വിസ്താര വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി-ദോഹ-ഡല്‍ഹി റൗണ്ട് ട്രിപ്പിന് 15,499 രൂപ മുതലും ദോഹ-ഡല്‍ഹി-ദോഹ റൗണ്ട് ട്രിപ്പിന് 699 റിയാല്‍ മുതലുമാണ് നിരക്ക്.