ന്യൂഡല്‍ഹി: പതിനഞ്ചു ദിവസം വരെ നീളുന്ന ഉഗ്ര യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിക്കൂട്ടി ശേഖരിക്കാന്‍ പ്രതിരോധ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കര്‍ഷകരുടെ പ്രതിഷേധം അനുദിനം ശത്തിപ്പെടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം. ആയുധ ശേഖരം വികസിപ്പിക്കുന്നതിനും അടിയന്തര സാമ്പത്തികാധികാരങ്ങളും ഉപയോഗപ്പെടുത്തി 50,000 കോടി രൂപയുടെ ആയുധങ്ങള്‍ സ്വദേശ, വിദേശ കമ്പനികളില്‍ നിന്ന് വാങ്ങിക്കൂട്ടാനാണ് സേനകളുടെ ശ്രമം.
ചൈനയുമായും പാകിസ്താനുമായും യുദ്ധമുണ്ടാകുന്ന സാഹചര്യങ്ങളില്‍ അതു നേരിടാന്‍ 10 ദിവസത്തേക്കുള്ള ആയുധം ശേഖരിക്കാന്‍ മാത്രമെ അനുമതി ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ ലഭിച്ച പ്രത്യേക അനുമതി പ്രകാരം 15 ദിവസത്തേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. ചൈനയുമായുള്ള സംഘര്‍ഷം പരിഹരിക്കപ്പെടാതെ നീളുന്നതിനിടയിലുള്ള ഈ തീരുമാനത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും ്പ്രചരിക്കുന്നുണ്ട്.
നേരത്തെ 40 ദിവസം വരെ നീളുന്ന യുദ്ധത്തിനുള്ള ആയുധശേഖരത്തിന് അനുമതിയുണ്ടായിരുന്നു. എന്നാല്‍, ആയുധങ്ങളുടെ കുറവും യുദ്ധങ്ങളുടെ സ്വഭാവത്തിലെ മാറ്റവും പരിഗണിച്ച് ഇത് 10 ദിവസമായി കുറയ്ക്കുകയായിരുന്നു. ഉറി ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധത്തിനുള്ള ആയുധ ശേഖരം കുറവാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കരസേന, നാവിക സേന, വ്യോമ സേന എന്നീ സൈനിക വിഭാഗങ്ങളുടെ സാമ്പത്തിക അധികാരങ്ങളില്‍ ഇളവ് നല്കി പ്രതിരോധ മന്ത്രാലയം കൂടുതല്‍ ആയുധശേഖരത്തിന് വഴിയൊരുക്കുകയായിരുന്നു. യുദ്ധത്തിന് ആവശ്യമായ ഏതും ആയുധം വാങ്ങുന്നതിനും 300 കോടി രൂപ വരെ ചെലവിടാന്‍ മൂന്നു സൈനിക വിഭാഗങ്ങള്‍ക്കും അനുമതി ഉണ്ട്.
കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാവുന്നതു പതിവാണ്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.