ന്യൂഡല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബര്‍ 15നു പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ എയര്‍ ബബിള്‍ കരാര്‍ അടിസ്ഥാനത്തിലുള്ള രാജ്യാന്തര സര്‍വീസുകള്‍ ഇതോടെ റദ്ദാകും.
കോവിഡ് ഭീഷണിയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാനാണ് തീരുമാനം. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. എയര്‍ ബബ്ള് കരാര്‍ പ്രകാരം നിലവില്‍ സര്‍വീസുള്ള രാജ്യങ്ങളിലേക്ക് കോവിഡിനു മുന്‍പുണ്ടായിരുന്ന സര്‍വീസുകളുടെ 75% അനുവദിക്കും; കരാറില്ലാത്ത രാജ്യങ്ങളിലേക്ക് 50%.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വേ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവയാണ് കോവിഡ് ഭീഷണി നിലനില്ക്കുന്നവയുടെ പട്ടികയിലുള്ളത്.
ഇളവുകള്‍ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി
കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും വിദേശത്തു നിന്നെത്തുന്നവര്‍ക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം.
ALSO WATCH