ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനങ്ങള്‍ ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് പറക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. 13 രാജ്യങ്ങളാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. ഇതില്‍ മൂന്നെണ്ണം ഗള്‍ഫ് രാജ്യങ്ങളാണ്. എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് ഈ രാജ്യങ്ങളലേക്ക് വിമാന സര്‍വീസ് നടത്തുന്നതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് പോകാവുന്ന രാജ്യങ്ങള്‍
യുഎസ്
യുകെ
കാനഡ
ഖത്തര്‍
ഫ്രാന്‍സ്
ജര്‍മനി
അഫ്ഗാനിസ്താന്
യുഎഇ
മാലിദ്വീപ്
ഇറാഖ്
നൈജീരിയ
ബഹ്റൈന്‍
ഇറാഖ്
എയര്‍ ബബിളുകള്‍ എന്ന ഉഭയകക്ഷി കരാറിലൂടെ രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള നിശ്ചിത എണ്ണം എയര്‍ലൈനുകള്‍ക്ക് പറക്കാനാവും. എങ്കിലും കരാറൊപ്പിട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ യാത്രക്കാരെ മറ്റെവിടെ നിന്നെങ്കിലും പറക്കാന്‍ കരാര്‍ അനുവദിക്കുന്നില്ല.
കൊറോണ കേസുകള്‍ പടരാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആഗസ്ത് മുതല്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത് എയര്‍ ബബിളുകള്‍ മുഖേനയാണ്. ലോക്ഡൗണ്‍ സമയത്ത് ആളുകളെ മടക്കിക്കൊണ്ടുവരാന്‍ മാത്രമേ രാജ്യങ്ങള്‍ അനുവദിച്ചിരുന്നുള്ളു.
ആളുകളെ മടക്കിക്കൊണ്ടുപോകുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങള്‍ വണ്‍വേയാണ്. അവ ഒറ്റദിശയിലേ സഞ്ചരിക്കൂ. ഇവയില്‍ കയറാന്‍ യാത്രക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, എയര്‍ ബബിള്‍ ഫ്ളൈറ്റുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്യാം. ഇതിനായി യാത്രക്കാര്‍ക്ക് വിമാനക്കമ്പനികളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
സൗദി അറേബ്യ സപ്തംബര്‍ 15 മുതല്‍ ഭാഗികമായി വിമാന സര്‍വീസ് ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഒമാന്‍ ഒക്ടോബര്‍ 1 മുതല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്. ഇതോടെ ഈ രാജ്യങ്ങളും പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. കുവൈത്തിലേക്ക് നിലവില്‍ വിമാന സര്‍വീസ് ആരംഭിച്ചുവെങ്കിലും ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്.