News Flash
X
പദവികളെല്ലാം തിരിച്ചെടുത്താലും പൗരത്വ നിയമവിരുദ്ധ നിലപാടില്‍ മാറ്റമില്ല: ഇര്‍ഫാന്‍ ഹബീബ്

പദവികളെല്ലാം തിരിച്ചെടുത്താലും പൗരത്വ നിയമവിരുദ്ധ നിലപാടില്‍ മാറ്റമില്ല: ഇര്‍ഫാന്‍ ഹബീബ്

personGulf Malayaly access_timeMonday December 30, 2019
HIGHLIGHTS
തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് മാറ്റില്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.

കണ്ണൂര്‍: തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് മാറ്റില്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളിയാണ് അ്‌ദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടന്നപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോള്‍ പ്രശ്നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് അസഹിഷ്ണുതയുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിനും ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കി. തനിക്ക് അസഹിഷ്ണുതയുണ്ട്. എന്നാല്‍, അത് സിഎഎയുമായി ബന്ധപ്പെട്ടതാണ്. സിഎഎ പോലൊരു നിയമത്തെ എതിര്‍ക്കുന്നതു തന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

താനൊരു ക്രിമിനല്‍ ആണെന്ന് ആരോപിച്ചാലും പ്രശ്നമില്ല. ഇതിന് പ്രതികാരമായി തനിക്ക് ലഭിച്ച എമറിറ്റസ് പ്രൊഫസര്‍ പദവി മാത്രമല്ല, ലഭിച്ച എല്ലാ പദവികളും തിരിച്ചെടുത്താലും യാതൊരു വിരോധവുമില്ല. ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇര്‍ഫാന്‍ ഹബീബ് ആവര്‍ത്തിച്ചു.

കണ്ണൂരില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ പറ്റി പരാമര്‍ശം നടത്തിയപ്പോള്‍ പ്രതിനിധികളുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നും തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും എഡിസിയെയും ചരിത്രകാരന്‍ പിടിച്ചുതള്ളിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

Content Highlights: Irfan Habib  Against Governor Arif Mohammed Khan on CAA

SHARE :
folder_openTags
content_copyCategory