ന്യൂഡല്‍ഹി: റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജി പരിഗണിക്കവേ, യു.പി പൊലീസ് ഒരുമാസത്തിലേറെയായി ജയിലിലടച്ച മലയാളി പത്രപ്രവര്ത്തകന് സിദ്ദീഖ് കാപ്പനോട് കോടതി സ്വീകരിച്ച സമീപനം സുപ്രീംകോടതിയെ ഓര്‍മിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍.അര്‍ണബിനെതിരെ മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായതായിരുന്നു സിബല്‍.
കാപ്പന്റെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. കപില്‍ സിബലായിരുന്നു കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ഹാജരായത്. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അന്ന് ഹരജി പരിഗണിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ സിബലിനോട് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇക്കാര്യമാണ് ബുധനാഴ്ച അര്‍ണബിന്റെ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയും അടങ്ങുന്ന ബെഞ്ച് വാദം അവസാനിപ്പിക്കാനിരിക്കെ സിബല്‍ ചൂണ്ടിക്കാട്ടിയത്. ”ഹാഥറസിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന് വേണ്ടി ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് ഞങ്ങള്‍ ഈ കോടതിയിലെത്തിയത്. അപ്പോള്‍ കീഴ്ക്കോടതിയിലേക്ക് പോകാനാണ് പറഞ്ഞത്. ഹരജി പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടിവെക്കുകയുംചെയ്തു. അത്തരം കാര്യങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട്” -സിബല്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, ഇദ്ദേഹം പറഞ്ഞതിനോട് കോടതി ഒന്നും പ്രതികരിച്ചില്ല. അര്‍ണബിന്റെ ഹരജി ഒറ്റ ദിവസം കൊണ്ട് പരിഗണിക്കപ്പെടമ്പോള് സിദ്ദീഖ് കാപ്പന്റെ ഹരജി പരിഗണിക്കാന്‍ ആഴ്ചകള്‍ക്കപ്പുറത്തേക്ക് നീട്ടിവെക്കുകയാണ് ചെയ്തത്. ഇതിലെ വൈരുദ്ധ്യമാണ് സിബല്‍ ചൂണ്ടിക്കാട്ടിയത്.
ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാര്‍ത്തുകയും ചെയ്തു. അറസ്റ്റിലായി ഒരു മാസമായിട്ടും അഭിഭാഷകരെ കാണാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
എന്നാല്‍ അര്‍ണബിന് അടിയന്തര പരിഗണന നല്‍കിയതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു കേസില്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ അത് നാശത്തിന് വഴിയൊരുക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.