Saturday, September 25, 2021
Home Special GM Talkies നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു; ഇനിയുള്ള ജീവിതം പൂര്‍ണമായി ബിജെപിക്ക്

നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു; ഇനിയുള്ള ജീവിതം പൂര്‍ണമായി ബിജെപിക്ക്

ന്യൂഡല്‍ഹി: സിനിമാ നടിയും എഐസിസി വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി സി ടി രവിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി ഖുശ്ബു ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാള്‍ വേണം എന്നു മനസ്സിലായതായി ഖുശ്ബു പറഞ്ഞു. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം ഉറപ്പാക്കാനുള്ള കഠിന പരിശ്രമം നടത്തും. രാഷ്ട്രീയ ജീവിതം പൂര്‍ണമായി ബിജെപിക്കു സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഖുശ്ബു ബിജെപിയിലേക്ക് പോകുന്നതായി ഈയിടെ വാര്‍ത്ത പരന്നെങ്കിലും അത് നിഷേധിച്ച് അവര്‍ രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് പത്രപ്രവര്‍ത്തകന്‍ മദന്‍ രവിചന്ദ്രന്‍, ആദായനികുതി വകുപ്പു മുന്‍ ഉദ്യോഗസ്ഥന്‍ സര്‍വനന്ദ് കുമാര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകനും സന്നിഹിതനായിരുന്നു. എഐസിസി വക്താവ് സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നീക്കിയതിനു തൊട്ടുപിന്നാലെയാണ് സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്തു നല്‍കിയത്. ജനങ്ങളുമായി ബന്ധമില്ലാത്ത ചിലരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന് കത്തില്‍ പറഞ്ഞു.

Most Popular