Friday, July 23, 2021
Home Gulf Kuwait കരുതലിന്റെ കരം; ഇന്ത്യൻ ജനതയ്ക്ക് സഹായവുമായി വീണ്ടും കുവൈത്ത്

കരുതലിന്റെ കരം; ഇന്ത്യൻ ജനതയ്ക്ക് സഹായവുമായി വീണ്ടും കുവൈത്ത്

കുവൈത്ത് സിറ്റി; കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി കുവൈത്ത്. ഇന്ത്യയിലേക്കുള്ള ഓക്സിജനും മെഡിക്കൽ ഉപകരണങ്ങളും അടങ്ങുന്ന മറ്റൊരു കപ്പൽ കൂടിയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് ഷാര്‍ദുളാണ് എട്ട് ടാങ്കറുകളിലായി 210 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജനും രണ്ടു സെമി ട്രെയ്ലറുകളും 1200 ഓക്സിജന്‍ സിലിണ്ടറുകളുമായി ഇന്ത്യയിലേക്കു തിരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിനായി രൂപീകരിച്ച കുവൈത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ്, നിരവധി ഇന്ത്യന്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയും മറ്റ് വ്യക്തികളുടെയും സഹകരണത്തോടെയാണ് ഇത്രയും വസ്തുക്കൾ ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ കെറ്റില്‍മാന്‍ എന്ന ചരക്കുകപ്പലില്‍ കുവൈത്തില്‍നിന്നുള്ള 75 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജനും ആയിരം സിലിണ്ടറുകളും മുംബൈയിലെ നാവാ ഷേവ തുറമുഖത്ത് ശനിയാഴ്ച എത്തിച്ചിരുന്നു. 215 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജനും 2600 സിലിണ്ടറുകളും കുവൈത്തില്‍നിന്ന് ഇതുവരെ ഇന്ത്യയിലെത്തിച്ചു കഴിഞ്ഞു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ദീര്‍ഘകാല സൗഹൃദബന്ധമാണ് ഈ പ്രതിസന്ധിക്കാലത്ത് വളരെവേഗത്തില്‍ ഇത്രയും മെഡിക്കല്‍ സഹായം കുവൈത്ത് എത്തിക്കുന്നതിന് ഇടയാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യ-കുവൈത്ത് സൗഹൃദം പ്രവര്‍ത്തനനിരതമായിരിക്കുന്നുവെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്തു. പ്രതിസന്ധിഘട്ടം ഒഴിവാകുന്നതുവരെ ഇന്ത്യക്കുള്ള സഹായമെത്തിച്ചു നൽകുമെന്ന് കുവൈത്ത് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് നാവികസേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് തബാര്‍, ഐഎന്‍എസ് കൊല്‍ക്കൊത്ത എന്നീ കപ്പലുകളില്‍ മെഡിക്കല്‍ ഓക്സിജന്‍ കര്‍ണാടകയിലെ മംഗലാപുരം തുറമുഖത്ത് എത്തിയത്.

Most Popular