ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഉപതരിഞ്ഞെടുപ്പ് ഫലം(by polls results) വന്നപ്പോള്‍ ഹിമചലിലും പശ്ചിമ ബംഗാളിലും ബിജെപിക്ക്(bjp) കനത്ത തിരിച്ചടി. ഹിമാചല്‍ പ്രദേശിലെ 3 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസാണു(congress) ജയിച്ചത്. ബിജെപിയുടെ ഒരു സിറ്റിങ് സീറ്റടക്കമാണ് കോണ്‍ഗ്രസ് ജയിച്ചത്.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നാല് മണ്ഡലങ്ങളില്‍ മൂന്നിടത്തും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്(trinamool congress) വിജയിച്ചു. ദിന്‍ഹത, ഖര്‍ദാ, ഗൊസാബ മണ്ഡലങ്ങളിലാണ് വിജയം. ശാന്തിപുരിലും തൃണമൂലാണ് ലീഡ് ചെയ്യുന്നത്. ദിന്‍ഹത, ശാന്തിപുര്‍ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്.
മണ്ഡി ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങാണ് ലീഡ് ചെയ്യുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ഖുഷാല്‍ ഠാക്കൂറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമായ ഹാവേരിയിലെ ഹനഗലില്‍ കോണ്‍ഗ്രസ് വിജയിച്ചു. വിജയപുരയിലെ സിന്ദഗിയില്‍ 31185 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപിക്കാണ് വിജയം.
അതേ സമയം, അസമില്‍ ഉപതിരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റില്‍ ബിജെപി വിജയിച്ചു. ഭബാനിപുര്‍, മരിയാന, തൗറ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പ്രതിപക്ഷ എംഎല്‍എമാരായിരുന്ന ഇവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സഖ്യകക്ഷികളായ യുപിപിഎല്‍ സ്ഥാനാര്‍ഥികളാണ് ഗോസൈഗാവ്, താമുല്‍പുര്‍ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നത്.
ഹരിയാനയിലെ ഇല്ലെനാബാദ് മണ്ഡലത്തില്‍ ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗട്ടാല വിജയിച്ചു. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് ജനുവരിയാണ് ചൗട്ടാല എംഎല്‍എ സ്ഥാനം രാജിവച്ചത്. ബിജെപി സ്ഥാനാര്‍ഥി ഗോവിന്ദ് കാണ്ഡയെയാണ് ചൗട്ടാണ് പരാജയപ്പെടുത്തിയത്. രണ്ടു വീതം മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്, ബിഹാര്‍ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും ഭരണകക്ഷികളായ കോണ്‍ഗ്രസ്, ജെഡിയു സ്ഥാനാര്‍ഥികള്‍ യഥാക്രമം വിജയിച്ചു.
മേഘാലയയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഭരണകക്ഷിയായ എന്‍പിപിയും മറ്റൊരിടത്ത് യുഡിപിയും വിജയിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ ലോക്സഭാ സീറ്റിലും മൂന്നു നിയമസഭാ സീറ്റിലും ബിജെപിയാണ് മുന്നില്‍. കേന്ദ്രഭരണപ്രദേശമായ ദാദ്രാനഗര്‍ ഹവേലിയിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ഥിയാണ് മുന്നില്‍.
അസം (5 സീറ്റ്), ബംഗാള്‍ (4), മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, മേഘാലയ (3 വീതം), രാജസ്ഥാന്, ബിഹാര്‍, കര്‍ണാടക (2 വീതം), ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന (1 വീതം) എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്.
ബംഗാളില്‍ ബിജെപിയുടെ അടിത്തറ ഇളക്കിയ പരാജയം
ബംഗാളില്‍ ആദ്യ ഘട്ട ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളും തൃണമൂല്‍ തൂത്തൂവാരിയിരുന്നു. അതോടെ ബാക്കിയുള്ള നാല് മണ്ഡലങ്ങളില്‍ എങ്ങിനെയും വിജയം നേടണം എന്ന തീരുമാനത്തോടെയാണ് ബിജെപി രംഗത്തിറങ്ങിയത്.
സിറ്റിങ് സീറ്റുകളായ ദിന്‍ഹത, ശാന്തിപൂര്‍ നിലനിര്‍ത്തുക ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമായി മാറിയിരുന്നു. ഇതിനായി കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഇറക്കി മല്‍സരം നേരിട്ടെങ്കിലും രണ്ട് സിറ്റിങ് സീറ്റുള്‍പ്പെടെ നാലും ബിജെപിയെ കൈവിട്ടിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയ ബിജെപിയുടെ ബംഗാളിലെ നില ഇതോടെ ആകെ പരുങ്ങലിലായി. പുതിയ തോല്‍വിയോട് കൂടി ബംഗാളിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് ഒഴുകും.