വണ്‍വെബ് ഇന്ത്യ2 നാളെ വിക്ഷേപിക്കും

ചെന്നൈ: വണ്‍വെബ് ഇന്ത്യ2 ഉപഗ്രഹ വിക്ഷേപണം നാളെ നടക്കും. നാളെ രാവിലെ ഒമ്പതിന് ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്‌റ്റേഷനില്‍ നിന്നാണു വിക്ഷേപണം. എല്‍വിഎം 3 (ജിഎസ്എല്‍വി മാര്‍ക്ക്3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുക. 36 ഉപഗ്രഹങ്ങള്‍ക്ക് 5,805 കി.ഗ്രാം ഭാരമുണ്ട്. എല്‍വിഎം3 റോക്കറ്റിന് 643 ടണ്‍ ഭാരവും 43.5 മീറ്റര്‍ നീളവുമുണ്ട്.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23നു നടത്തിയ വണ്‍വെബിന്റെ ആദ്യ വിക്ഷേപണത്തില്‍ 36 ഉപഗ്രഹങ്ങളെ എല്‍വിഎം 3 ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍വെബിന്റേത്.