മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഭീതിജനകമായി പടരുന്നു; ഏഴുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

omicron

മുംബൈ: മഹാരാഷ്ട്രയില്‍ (Maharashtra) ഏഴുപേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ (omicron) വകഭേദം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് ബാധിതരുടെ എണ്ണം എട്ട് ആയി. നാലുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് മറ്റ് മൂന്നു പേര്‍.

ഇവരില്‍ 6 പേര്‍ പിംപ്രി ചിന്‍ച്വാദില്‍ നിന്നുള്ളവരാണ്. ഒരാള്‍ പൂനെയിലാണ്. പിംപ്രി ചിന്‍ച്വാദില്‍ രോഗം സ്ഥിരീകരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും അവരുമായി സമ്പര്‍ക്കം ഉണ്ടായ മൂന്നുപേര്‍ക്കുമാണ്. 45 വയസുള്ള ഇന്ത്യന്‍ വംശജയായ നൈജീരിയന്‍ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഒമിക്രോണ്‍. സഹോദരനെ കാണാന്‍ വേണ്ടി നവംബര്‍ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരന്‍ അദ്ദേഹത്തിന്റെ 7, ഒന്നര വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിള്‍ ആണ് പരിശോധിച്ചത്.

പൂനെയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നവംബര്‍ 18 മുതല്‍ 25 വരെ ഫിന്‍ലന്റ് സന്ദര്‍ശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്‌സിനെടുത്തിരുന്നില്ല. എന്നാല്‍, ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാര്‍ക്കും രോഗമില്ല.

രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 12 ആയി. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡ്ല്‍ഹിയിലും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നെത്തി ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 37കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ 72കാരന്റെ സമ്പര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്റുകളും സന്ദര്‍ശിച്ചിരുന്നു.