താലിബാന്‍ സൈന്യത്തില്‍ മലയാളികളുണ്ടോ?

Malayali Taliban

ദോഹ: താലിബാന്‍ സൈന്യത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ? താലിബാന്‍ പട അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ പ്രചരിച്ച ഒരൂ വീഡിയോ ആണ് ഈ സംശയമുയര്‍ത്തിയത്. സംസാരത്തില്‍ ചില മലയാളം വാക്കുകള്‍ കേള്‍ക്കുന്നതായി സൂചിപ്പിച്ച് ശശിതരൂര്‍ ഒരു വീഡിയോ പങ്കുവച്ചതോടെയാണ് ഇതേക്കുറിച്ച് ചര്‍ച്ച സജീവമായത്.


‘ഇവിടെ രണ്ട് മലയാളി താലിബാനികളെങ്കിലുമുണ്ടെന്ന് തോന്നുന്നു. എട്ടാമത്തെ സെക്കന്റില്‍ സംസാരിക്കട്ടെ എന്നാണ് അവരില്‍ ഒരാള്‍ പറയുന്നത്. മറ്റൊരാള്‍ അത് ശരിവയ്ക്കുകയും ചെയ്യുന്നു’ – എന്ന അടിക്കുറിപ്പോടെയാണ് തരൂര്‍ വീഡിയോ പങ്കുവച്ചത്. അഫ്ഗാന്‍ വിഷയം നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ റാമിസിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു തരൂരിന്റെ പോസ്റ്റ്.

പിന്നാലെ ഇത് ഏറ്റുപിടിച്ച് സംഘപരിവാരം വ്യാപക പ്രചാരണമാരംഭിച്ചു. നിരവധി മലയാളികള്‍ താലിബാന്റെ കൂടെയുണ്ടെന്നും കേരളത്തിലും കരുതല്‍ വേണമെന്നുമുള്ള മട്ടിലായിരുന്നു പ്രചാരണം.


റാമിസിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി പലരും സമീപിച്ചതോടെയാണ് സംഭവം വ്യക്തമായത്. താലിബാന്‍ ആയുധധാരികള്‍ സംസാരിക്കുന്നത് മലയാളമല്ലെന്നും ബ്രാഹുയി ഭാഷയാണ് അതെന്നും അദ്ദേഹം വിശദീകരിച്ചു. അവര്‍ സാബൂള്‍ പ്രവിശ്യയിലെ ബലൂച്ചികളാണ്. തെലുങ്ക്, മലയാളം, തമിഴ് എന്നിവയോട് ഏറെ സാമ്യമുള്ള ഭാഷയാണ് ബ്രാഹുയി.

വെരിഫൈഡ് ഐഡിയിലുള്ള ചില ഇന്ത്യക്കാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും റാമിസ് കളിയാക്കി. പെണ്‍കുട്ടികളെ ലേലം ചെയ്യുന്നതായി ഒരു നാടകത്തില്‍ കാണിക്കുന്ന ദൃശ്യം പങ്കുവച്ച് ഇത് താലിബാനിലേതാണെന്ന് പ്രചരിപ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ വെരിഫൈഡ് ഐഡിയും റാമിസ് ചൂണ്ടിക്കാട്ടി.

തരൂരിന്റെ ആശങ്ക തള്ളി എഴുത്തുകാരന്‍ എന്‍എസ് മാധവനും രംഗത്തെത്തി. വീഡിയോ നിരവധി തവണ കേട്ടെന്നും സംസാരിക്കട്ടെ, എന്നല്ല പറയുന്നതെന്നും എന്‍ എസ് മാധവന്‍ കുറിച്ചു. വിശുദ്ധജലം എന്നര്‍ത്ഥം ‘സംസം എന്നോ തമിഴില്‍ ഭാര്യ എന്നര്‍ത്ഥം വരുന്ന സംസാര എന്നോ മറ്റോ ആണത്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നാട്ടുഭാഷയില്‍ എന്തോ പറയുന്നതാണ്. എന്തിനാണ് മലയാളികളെ അതിലേക്ക് വലിച്ചിഴക്കുന്നതെന്നും മാധവന്‍ ചോദിച്ചു.

ദ്രാവിഡ ഭാഷാസമൂഹത്തില്‍പ്പെട്ട ഇന്ത്യയ്ക്ക് പുറത്തുള്ള ഏക ഭാഷയാണ് ബ്രാഹുയി. പാകിസ്താനിലെ ബലൂചിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നിവിടങ്ങളിലാണ് ഭാഷ പ്രചാരത്തിലുള്ളത്. അഫ്ഗാനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശമാണ് ബലൂചിസ്താന്‍.

മലയാളത്തോട് സാമ്യമുള്ള ബ്രാഹുയി ഭാഷയിലെ ചില വാക്കുകള്‍
കുര്‍ക്കോ- കൂര്‍ക്കം
പല്‍- പല്ല്
തുഫ്-തുപ്പുക
കാഖോ-കാക്ക
നാരന്‍ഗി- നാരങ്ങ
തയാര്‍-തയ്യാര്‍
തോത്തി-തത്ത
താല്‍-തേള്‍
ബാ-വരൂ
ALSO WATCH