Saturday, April 17, 2021
Home News National ബിജെപിയുടെ അടവുകള്‍ പാളും; മമതയ്ക്ക് വന്‍ വിജയമെന്ന് അഭിപ്രായ സര്‍വേ

ബിജെപിയുടെ അടവുകള്‍ പാളും; മമതയ്ക്ക് വന്‍ വിജയമെന്ന് അഭിപ്രായ സര്‍വേ

കൊല്‍ക്കത്ത: ബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളൊന്നും വിജയിക്കാനിടയില്ലെന്ന് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വേ. അട്ടിമറിക്കായി പതിനെട്ടടവുകളും പയറ്റുന്ന ബിജെപിയെ നിലംതൊടാന്‍ അനുവദിക്കാത്ത രീതിയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വേ പ്രവചിക്കുന്നു. 148 മുതല്‍ 164 സീറ്റ് വരെ നേടി മമത ഭരണം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് 92 മുതല്‍ 108 സീറ്റ് വരെ കിട്ടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.

അതേസമയം, അസമിലും പുതുച്ചേരിയിലും ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണി വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരിയില്‍ ഇതാദ്യമായാണ് ബിജെപി മേല്‍ക്കൈ നേടുന്നത്. ഈയിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നും സര്‍വേ പ്രവചിക്കുന്നു. 154 മതുല്‍ 162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58-66 സീറ്റുകള്‍ ലഭിക്കുമെന്നും കമലിന്റെ മക്കള്‍ നീതി മയ്യം 26 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് ഭരണതുടര്‍ച്ച നേടുമെന്നാണ് സര്‍വേ ഫലം. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപി രണ്ട് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
ALSO WATCH

Most Popular