Wednesday, December 1, 2021
HomeEdiotrs Pickആമസോണില്‍ കറിവേപ്പില എന്ന വ്യാജേന കഞ്ചാവ് വില്‍പ്പന; ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായി പോലിസ്

ആമസോണില്‍ കറിവേപ്പില എന്ന വ്യാജേന കഞ്ചാവ് വില്‍പ്പന; ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായി പോലിസ്

ന്യൂഡല്‍ഹി: ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ വഴി ചില സെല്ലര്‍മാര്‍ കറിവേപ്പില എന്ന വ്യാജേന കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ആരോപണം. വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ്(സിഎഐടി) ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്ത് വിട്ടത്. വിഷയത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

മധ്യപ്രദേശില്‍ ഈ രീതിയില്‍ വന്‍തുകയുടെ കഞ്ചാവ് വില്‍പ്പന നടന്നതായി സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദേല്‍വാള്‍ ആരോപിച്ചു.

ഞായറാഴ്ച മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലുള്ള തട്ട് കടയില്‍ വച്ച് 20 കിലോഗ്രാം കഞ്ചാവുമായി പോലിസ് രണ്ടുപേരെ പിടികൂടിയിരുന്നു. വിശാഖപട്ടണത്ത് നിന്ന് അമസോണ്‍ വഴിയാണ് കഞ്ചാവ് കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലിസിനോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച 1000 കിലോയിലേറെ മയക്ക്മരുന്ന് കടത്തുകയായിരുന്ന ഒരു സംഘത്തെ മധ്യപ്രദേശ് പോലിസ് പിടികൂടിയിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന പാക്കറ്റുകളില്‍ ആമസോണ്‍ ബ്രാന്‍ഡിങ് ഉണ്ടായിരുന്നുവെന്ന് പോലിസ് പറയുന്നു.

കഴിഞ്ഞ നാല് മാസത്തിനിടെ 1000 കിലോയിലേറെ കഞ്ചാവ് ആമസോണ്‍ വഴി കച്ചവടം നടത്തിയതായി ബിന്ദ് ഡിഎസ്പി മനോജ് കുമാര്‍ പറഞ്ഞു. 1.10 കോടി രൂപയുടെ ഇടപാടാണ് ഇതിലൂടെ നടന്നത്. സംഭവത്തില്‍ ആമസോണിന്റെ പ്രദേശിക ഉദ്യോഗസ്ഥരെ പോലിസ് വിളിപ്പിച്ചതായാണ് റിപോര്‍ട്ട്.

വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഇടപെടണമെന്നും ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിഎഐടി ആരോപിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഏതെങ്കിലും സെല്ലര്‍മാര്‍ നിയമവിരുദ്ധ ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.
ALSO WATCH

Most Popular