ദോഹ: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന 30 ദശലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളെ ഏകോപിപ്പിക്കുന്നതിന് വിദേശകാര്യമന്ത്രാലയം പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. പ്രവാസി റിഷ്ത(pravasirishta.gov.in) എന്ന പേരിലുള്ള പോര്‍ട്ടല്‍ പ്രവാസികളെ വിദേശകാര്യ മന്ത്രാലയവുമായും അതത് എംബസികളുമായും ബന്ധിപ്പിക്കും.
പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ നിരവധി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് പോര്‍ട്ടല്‍ സഹായിക്കും. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് കോണ്‍സുലാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാവും. എംബസികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ വിവരങ്ങളും ലഭിക്കും. പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
രജിസ്റ്റര്‍ ചെയ്യാന്‍
പ്രവാസി റിഷ്ത പോര്‍ട്ടലില്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹോം പേജില്‍ താമസിക്കുന്ന രാജ്യവും ബന്ധപ്പെട്ട എംബസിയും തിരഞ്ഞെടുത്ത് Submit ബട്ടന്‍ പ്രസ് ചെയ്യണം. തുടര്‍ന്നുള്ള പേജില്‍ മുകളില്‍ വലതുവശത്തു കാണുന്ന Register ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.