Monday, May 10, 2021
Home News International ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്റെ വജ്ര മോതിരം

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ഇന്ത്യക്കാരന്റെ വജ്ര മോതിരം

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി 25 കാരന്‍. ഇന്ത്യക്കാരനായ ഹര്‍ഷിത് ബന്‍സാല്‍ എന്ന ജ്വല്ലറി ഡിസൈനറാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. 12,638 വജ്രങ്ങള്‍ ഉപയോഗിച്ച് മോതിരം നിര്‍മ്മിച്ചാണ് ഈ ചെറുപ്പക്കാരന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് നിര്‍മ്മിച്ച് മോതിരമെന്ന റെക്കോര്‍ഡാണ് ഹര്‍ഷിതിനെ തേടിയെത്തിയത്.

പൂവിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഈ മോതിരത്തിന് ‘ദി മാരിഗോള്‍ഡ്’ (ഐശ്വര്യത്തിന്റെ മോതിരം) എന്നാണ് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം. എട്ട് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാളികളിലെല്ലാം നിറയെ ചെറിയ ചെറിയ വജ്രകല്ലുകള്‍ നിറച്ചിരിക്കുകയാണ്.

ഈ അമൂല്യ സൃഷ്ടി താന്‍ ഒരിക്കലും വില്‍ക്കില്ലെന്നാണ് ഹര്‍ഷിത് പറയുന്നത്. നീണ്ടകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഗുജറാത്തിലെ സൂററ്റില്‍ ജ്വല്ലറി ഡിസൈന്‍ പഠിക്കുന്ന കാലത്താണ് ഇത്തരമൊരു ആശയം മനസില്‍ രൂപപ്പെട്ടതെന്നും ഹര്‍ഷിത് പറഞ്ഞു. 10,000 വജ്രക്കല്ലുകള്‍ ഉപയോഗിച്ച് മോതിരം നിര്‍മ്മിക്കാനായിരുന്നു ഹര്‍ഷിത് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് 12,000 ത്തില്‍ അധികം വജ്രങ്ങള്‍ ഉപയോഗിച്ച് മോതിരം നിര്‍മ്മിച്ചത്.

7,801 ഡയമണ്ടുകള്‍ കൊണ്ട് തീര്‍ത്ത മോതിരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ദി ഡിവൈന്‍-7801 ബ്രഹ്മ വജ്രകമലം എന്ന് പേരിട്ടിരുന്ന മോതിരത്തിന് എട്ട് ദളങ്ങള്‍ വീതമുള്ള ആറു പാളികളാണ് ഉണ്ടായിരുന്നത്.

Most Popular