Tuesday, January 25, 2022
HomeEdiotrs Pickബിപിന്‍ റാവത്ത് സഞ്ചരിച്ചത് ഏത് തടസ്സങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക കോപ്ടറില്‍; മോശം കാലാവസ്ഥ...

ബിപിന്‍ റാവത്ത് സഞ്ചരിച്ചത് ഏത് തടസ്സങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക കോപ്ടറില്‍; മോശം കാലാവസ്ഥ അപകടത്തിന് കാരണമായെന്ന വാദം അവിശ്വസനീയം

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സഞ്ചരിച്ച കോപ്ടര്‍ ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക റഷ്യന്‍ നിര്‍മിത എംഐ-17 വി-5 ഹെലിക്കോപ്ടറില്‍. ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്നതില്‍ ഏറ്റവും മികച്ച കോപ്ടറാണിത്. കസാന്‍ ഹെലികോപ്‌റ്റേഴ്‌സ് നിര്‍മിച്ച് റഷ്യന്‍ ആയുധ വിതരണക്കാരായ റോസോബോറോനെക്‌സ്‌പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ ഈ അത്യാധുനിക ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കിയത്.

ക്യാബിനിനകത്തും പുറത്തും ചരക്ക് കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള എംഐ-17വി-5, ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് നിര്‍മിച്ച ഗതാഗത ഹെലികോപ്റ്ററുകളില്‍ ഒന്നാണ്. സൈനിക, ആയുധ ഗതാഗതം, ഫയര്‍ സപ്പോര്‍ട്ട്, കോണ്‍വോയ് എസ്‌കോര്‍ട്ട്, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍) എന്നീ ദൗത്യങ്ങളിലും വിന്യസിക്കാന്‍ സാധിക്കുന്നതാണ് ഈ ഹെലികോപ്റ്ററുകള്‍.
MI 17 V5 military copter1എംഐ-17വി-5ന്റെ ഗ്ലാസ് കോക്ക്പിറ്റില്‍ അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്പ്ലേകള്‍ (എംഎഫ്ഡികള്‍), നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഒരു ഓണ്‍-ബോര്‍ഡ് വെതര്‍ റഡാര്‍, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. വിപുലമായ ഈ കോക്ക്പിറ്റ് പൈലറ്റുമാരുടെ ജോലിഭാരം സാധാരണയില്‍ നിന്നും നന്നേ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

മോശം കാലാവസ്ഥയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്ന വാദം നിരാകരിക്കുന്നതാണ് ഈ സവിശേഷതകള്‍. അപകട സമയങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും മറ്റും തിരിച്ചിലിനും റെസ്‌ക്യുവിനും ഉപയോഗിക്കുന്ന ഓണ്‍ബോര്‍ഡ് വെതര്‍ റഡാര്‍ സംവിധാനമുള്ള കോപ്ടര്‍ എങ്ങിനെ മോശം കാലാവസ്ഥയില്‍ തകരും എന്ന ചോദ്യമാണ് ഉയരുന്നത്.

സീല്‍ ചെയ്ത ഇന്ധന ടാങ്കുകള്‍ക്കുള്ളില്‍ പോളിയുറീതീന്‍ ഫോം കൊണ്ട് നിറയ്ക്കുകയും ഏതെങ്കിലും അപകടം നടന്നാല്‍ ഇത് സ്ഫോടനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ എഞ്ചിന്‍-എക്‌സ്‌ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്ലെയേഴ്സ് ഡിസ്പെന്‍സര്‍, ഒരു ജാമര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണ സവിശേഷതകള്‍ അപകടം നടന്നാല്‍ യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത്രയും സുരക്ഷാ സംവിധാനമുള്ള കോപ്ടര്‍ തകര്‍ന്നപ്പോള്‍ 14 യാത്രക്കാരില്‍ 13 പേരും വെന്തുമരിച്ചതും ദുരൂഹത ഉയര്‍ത്തുന്നു.

ആയുധ സംവിധാനങ്ങള്‍

എംഐ-17വി-5ന് മിസൈലുകള്‍, എസ്-8 റോക്കറ്റുകള്‍, 23എംഎം മെഷീന്‍ ഗണ്‍, പികെടി മെഷീന്‍ ഗണ്‍, എകെഎം സബ് മെഷീന്‍ ഗണ്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഘടിപ്പിക്കാവുന്ന എട്ട് ഫയറിംഗ് പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ശത്രു സൈനികര്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, തുടങ്ങി സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഓണ്‍ബോര്‍ഡ് ആയുധ സംവിധാനവുമുണ്ട്.

അപകടങ്ങള്‍
crash-3
2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ എംഐ-17വി-5 ഹെലികോപ്റ്റര്‍ തര്‍ന്നുവീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്സ്ട്രൈക്ക് നടത്തിയ അതേ ദിവസമാണ് ബദ്ഗാമില്‍ അപകടമുണ്ടായത്. ശ്രീനഗറില്‍ നിന്ന് പറന്നുയര്‍ന്ന് പത്ത് മിനുറ്റുകള്‍ക്കകമാണ് എംഐ-17വി-5 ഹെലികോപ്റ്റര്‍ ബദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ തന്നെ മിസൈല്‍ തട്ടിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്ന് പുറത്തുവന്നിരുന്നു.

പൈലറ്റിന്റെ പിഴവോ അട്ടിമറിയോ?

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍, സാങ്കേതിക കാരണങ്ങളാലാണോ അപകടത്തില്‍പ്പെട്ടതെന്ന് അറിയാന്‍ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കേണ്ടി വരുമെന്നു റിട്ട. ബ്രിഗേഡിയര്‍ എം.വി.നായര്‍.

കൂനൂരിനടുത്ത് സമീപ നാളുകളില്‍ കനത്ത മഴ പെയ്തിരുന്നു എന്നാണു മനസ്സിലാക്കാനാകുന്നത്. താഴ്ന്നു പറക്കുന്നതിനിടെ മരത്തില്‍ ഇടിക്കാനുള്ള സാധ്യതയും പരിശോധിക്കണം. 20 പേരെ വരെ അനായാസം വഹിക്കാവുന്ന വലിയ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

അതീവ സമര്‍ഥരായ പൈലറ്റുകളാണു സാധാരണ വിഐപികളുമായുള്ള കോപ്ടറുകള്‍ പറത്തുന്നത്. അതുകൊണ്ടുതന്നെ, പൈലറ്റിന്റെ ഭാഗത്തുനിന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണ്. അട്ടിമറി ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെങ്കിലും അതും തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular