ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് വിമാനയാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം നാടകമെന്ന് ആക്ഷേപം. വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധനപ്രകാരം, യാത്രമുടങ്ങിയ ഭൂരിപക്ഷം പേര്‍ക്കും തുക തിരിച്ചുകിട്ടില്ല. ടിക്കറ്റ് തുക കൈപറ്റിയ വിമാനകമ്പനികളെ സഹായിക്കാന്‍ മാത്രമാണ് ഉത്തരവ് എന്നാണ് ആക്ഷേപമുയരുന്നത്.
വ്യോമയാന മന്ത്രാലയം ഈമാസം 16 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാര്‍ച്ച് 25, ഏപ്രില്‍ 14 എന്നീ തിയതികള്‍ക്ക് ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചുനല്‍കേണ്ടത്. എന്നാല്‍, ഈ കാലയളവില്‍ യാത്ര ചെയ്യാന്‍ നേരത്തേ ടിക്കറ്റെടുത്തവര്‍ക്ക് ഇത് ബാധകല്ലെന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ വിശദീകരിക്കുന്നത്.
മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കെ പിന്നീടുള്ള ദിവസങ്ങളില്‍ ആരും പുതുതായി ടിക്കറ്റെടുക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വിമാനകമ്പനികളെ മാത്രം സഹായിക്കുന്ന റീഫണ്ട് നാടകമാണ് ഉത്തരവെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
നിലവിലെ പ്രഖ്യാപനപ്രകാരം ലോക്ക്ഡൗണ്‍ വരും മുമ്പ് ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവര്‍ക്ക് സൗജന്യമായി തീയതി മാറ്റാന്‍ മാത്രമേ സാധിക്കൂ. ഭൂരിപക്ഷം യാത്രക്കാരുടെയും ടിക്കറ്റ് തുക വിമാന കമ്പനികള്‍ക്ക് ദീര്‍ഘകാലം കൈയില്‍ വയ്ക്കാനുള്ള അവസരമാമ് കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിലൂടെ ഒരുങ്ങിയിരിക്കുന്നത്.
ministry of civil aviation refuses refunds for those who booked their tickets before lockdown